

വായു മലിനീകരണം രൂക്ഷം
ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫിസ്. മലനീകരണത്തിന്‍റെ ഉറവിടങ്ങളും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദേശം. എയർ ക്വാളറ്റി മാനേജ്മെന്‍റ് കമ്മിഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
വായു മലിനീകരണത്തിനെതിരായ നിലവിലെ നടപടികൾ മുൻ രീതികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടത്. പൊടി നിയന്ത്രിക്കാനായി റോഡ് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുക, സമയബന്ധിതമായ കർമ പദ്ധതി തയ്യാറാക്കുക എന്നീ നിർദേശങ്ങളാണ് മുന്നോട്ട് വച്ചത്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. 8 പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഡൽഹിയിലെയും നാല് അയൽ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ പ്രധാന മലിനീകരണ സ്രോതസുകൾ തടയുന്നതിനുള്ള നടപടികൾ വിലയിരുത്തുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്.