

ഡൽഹിയിൽ ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപിയെ ലക്ഷ്യം വച്ച് രാംലീല കമ്മിറ്റി
representative image
ന്യൂഡൽഹി: ഡൽഹിയിലെ ഇത്തവണത്തെ ദസറ ആഘോഷത്തിൽ രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് പാറ്റയുടെ കോലം കത്തിക്കാനുള്ള സംഘാടകരുടെ തീരുമാനം.
ബിജെപി എംഎൽഎയായ അശോക് ഗോയൽ ദേവരഹ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ശ്രീ കേശവ് രാംലീല കമ്മിറ്റിയുടേതാണ് തീരുമാനം. വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്നാണ് കമ്മിറ്റി പ്രസിഡന്റും എംഎൽഎയുമായ അശോക് ഗോയൽ ദേവരഹ പ്രതികരിച്ചത്.
"തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ ദസറ ആഘോഷിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി നമ്മൾ രാവണന്റെയും മേഘനാദന്റെയും കുംഭകർണന്റെയും കോലങ്ങൾ കത്തിക്കാറുണ്ട്. അവസാനം സത്യം മാത്രമേ ജയിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ തങ്ങൾ കത്തിച്ചിട്ടുണ്ട്. ഇത്തവണ മാലിന്യത്തിന്റെ പ്രതീകമായി ഒരു പാറ്റയുടെ രൂപം കത്തിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. വീട്, ചുറ്റുപാടുകൾ, സമൂഹം എന്നീ മൂന്നിടങ്ങളിൽ നിന്നും മാലിന്യം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഇത്തവണ മാലിന്യത്തെ പ്രതിനിധീകരിച്ച് പാറ്റയുടെ ആകൃതിയിലുള്ള കോലം കത്തിക്കാൻ തീരുമാനിച്ചത്" അദ്ദേഹം പറഞ്ഞു.