

ഉമർ ഖാലിദ്
ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്‍റെ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ പൊലീസിനോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, വികാസ് മഹാജൻ എന്നിവരുടെ ബെഞ്ചാണ് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ഡൽഹി പൊലീസിന് വെള്ളിയാഴ്ച നിർദ്ദേശം നൽകിയത്.
2020 സെപ്റ്റംബറിൽ അറസ്റ്റിലായ ശേഷം ഇതുവരെ മൂന്ന് തവണയാണ് ഉമർ ഖാലിദ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. നിലവിലെ അപേക്ഷയിൽ സ്ഥിരജാമ്യത്തിനൊപ്പം ഇടക്കാല ജാമ്യവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖാലിദിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ കൂട്ടുപ്രതിയായ ഷർജീൽ ഇമാമിന്‍റെ ജാമ്യാപേക്ഷയും ഓഗസ്റ്റ് 27ന് പരിഗണനയിലുള്ളതിനാൽ അന്നേ ദിവസം ഇരുവരുടെയും ഹർജികൾ ഒരുമിച്ച് കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.
ജൂലൈ നാലിന് വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിനെതിരെയാണ് ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു, ഷർജീൽ ഇമാമിന്‍റെ ജാമ്യാപേക്ഷയും അതേ ഉത്തരവിലൂടെയാണ് തള്ളിയതെന്നും അതിനാൽ രണ്ട് കേസുകളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതിയെ അറിയിച്ചു.
53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഡൽഹി കലാപത്തിന്‍റെ മുഖ്യ ആസൂത്രകരിൽ ഒരാളാണെന്ന ആരോപണത്തെ തുടർന്നാണ് ഉമർ ഖാലിദിനെതിരേ യുഎപിഎ പ്രകാരം കേസെടുത്തത്. ഖാലിദ് സൈഫി, മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ എന്നിവരുള്‍പ്പെടെ നിരവധി പേർക്കെതിരെയും ഈ ഗൂഢാലോചന കേസിൽ കുറ്റം ചുമത്തിയിട്ടുണ്ട്. ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.