
ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറുടെ രാജിയിലേക്കു നയിച്ച സംഭവങ്ങൾക്കു തുടക്കം ഏപ്രിൽ അവസാനത്തോടെയെന്ന് റിപ്പോർട്ടുകൾ. ധൻകർ സ്വീകരിക്കുന്ന സ്വതന്ത്രമായ നിലപാടുകളും ഏകപക്ഷീയ തീരുമാനങ്ങളും കടുംപിടിത്തവുമാണത്രെ ബിജെപി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്നു ധൻകറെ നിയന്ത്രിക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നു. സംഘടനാ തലത്തിലെ പ്രമുഖരടക്കം മൂന്നു മുതിർന്ന നേതാക്കൾ പലതവണ ധൻകറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മഞ്ഞുരുകിയില്ല. ഇതോടെ, ഉപരാഷ്‌ട്രപതിയെ പുറത്താക്കുന്നതിന് പ്രമേയം അവതരിപ്പിക്കുക എന്ന കടുത്ത നടപടിയിലേക്കും ബിജെപി നേതൃത്വത്തിന്‍റെ ആലോചന നീണ്ടു. ഇക്കാര്യം മുന്നിൽക്കണ്ട ധൻകർ രാജിവയ്ക്കുകയായിരുന്നത്രെ.
പുറത്തുപറയുന്നില്ലെങ്കിലും ധൻകറുടെ രാജി അനിവാര്യമായതെന്ന മട്ടിലാണു കേന്ദ്ര സർക്കാർ കാണുന്നത്. രാജിക്കു തൊട്ടുപിന്നാലെ ഇവിടെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾക്ക് ഉത്തരവിറങ്ങിയത് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഉപരാഷ്‌ട്രപതി പദവിയുടെ അന്തസിനു ചേർന്ന ബുള്ളറ്റ് പ്രൂഫ് വാഹനം വേണമെന്ന ധൻകറുടെ നിർബന്ധവും തുടർച്ചയായ വിദേശയാത്രകളുമെല്ലാം ബിജെപി നേതൃത്വത്തിൽ അലോസരമുണ്ടാക്കിയിരുന്നു.
ഫെബ്രുവരിക്കു ശേഷം ഉപരാഷ്‌ട്രപതിയുടെ വസതിയിലേക്ക് വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ കാര്യമായ സന്ദർശനം നടത്തിയിട്ടില്ല. ധൻകറുടെ വിദേശയാത്രകളും ഇല്ലാതായി. ഇവയെല്ലാം സംഘർഷം ഇപ്പോൾ തുടങ്ങിയതല്ലെന്ന സൂചന നൽകുന്നുണ്ട്.
തയാറെടുപ്പുകൾ പൂർത്തിയായാൽ തെരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കും. ഓഗസ്റ്റ് അവസാന ആഴ്ചയോടെയാകും പുതിയ ഉപരാഷ്‌ട്രപതിയുടെ സ്ഥാനാരോഹണം. ഇലക്റ്ററൽ കോളെജിൽ ഭൂരിപക്ഷമുള്ളതിനാൽ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ഭീഷണിയില്ല.
അതിനിടെ, സ്ഥാനമൊഴിഞ്ഞ ജഗദീപ് ധൻകർ ഔദ്യോഗിക വസതി ഒഴിയാൻ തയാറെടുപ്പു തുടങ്ങി. വീട്ടുസാമഗ്രികളുടെ പാക്കിങ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പാർലമെന്‍റ് ഹൗസ് സമുച്ചയത്തിനു സമീപം ചർച്ച് റോഡിൽ ഉപരാഷ്‌ട്രപതിക്കു വേണ്ടി പുതുതായി നിർമിച്ച വസതിയിലേക്കു ധൻകർ താമസം മാറ്റിയത്. സെൻട്രൽ വിസ്ത നവീകരണത്തിന്‍റെ ഭാഗമായി നിർമിച്ചതാണ് ഈ വസതി. ല്യൂട്ടൻസ് ഏരിയയിൽ മുതിർന്ന കേന്ദ്ര മന്ത്രിമാർക്ക് ലഭിക്കുന്നതിനു തുല്യമായ സൗകര്യങ്ങളുള്ള വസതിയാകും ഇനി ധൻകറിനു ലഭിക്കുക. തിങ്കളാഴ്ച രാത്രിയാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ധൻകർ രാജിവച്ചത്.