പന്നു പറഞ്ഞത് ചെയ്തോ? വിമാനാപകടം അട്ടിമറിയോ?

2023ലും പന്നു സമാനമായ രീതിയിൽ ഭീഷണി പുറപ്പെടുവിച്ചിരുന്നു.
Did Pannu do what he said? Was the plane crash a sabotage?
എസ്എഫ്ജെ നേതാവ് ജി.എസ്. പന്നു.ഫയൽ ചിത്രം
Updated on

ന്യൂഡൽഹി: വിമാനാപകടം അട്ടിമറിയാണോ ഭീകരപ്രവർത്തനമാണോ എന്നതും വലിയ ചർച്ചയായിട്ടുണ്ട്. എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി അമെരിക്കയിൽ പൗരത്വത്തോടെ താമസിക്കുന്ന ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നു (പന്നൂൺ- 55) നേരത്തേ രംഗത്തു വന്നിരുന്നു. ഇയാൾക്ക് കാനഡ പൗരത്വവുമുണ്ടെന്നു പറയുന്നു.

പഞ്ചാബിൽ ഖാലിസ്ഥാൻ വാദം ഉന്നയിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദി സംഘടനയുടെ സ്ഥാപകനാണ്. ഇന്ത്യയിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് 2020 ജൂലൈയിൽ പന്നുവിനെതിരേ ഇന്ത്യയിൽ യുഎപിഎ ചുമത്തി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

2024 നവംബർ 1 മുതൽ 19 വരെ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞിരുന്നു. ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിനു പിന്നാലെ 84ൽ രാജ്യത്തുണ്ടായ സിഖ് വിരുദ്ധ കലാപത്തിന്‍റെ വാർഷികത്തിൽ എയർ ഇന്ത്യ വിമാനങ്ങൾക്കു നേരേ ആക്രമണം നടത്തുമെന്നായിരുന്നു പന്നുവിന്‍റെ ഭീഷണി. അന്ന് ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണിയുമുണ്ടായി. 2023ലും പന്നു സമാനമായ രീതിയിൽ ഭീഷണി പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബിലെ ഖാലിസ്ഥാൻ വിഘടനവാദത്തെ പാക്കിസ്ഥാൻ സഹായത്തോടെ പിന്തുണയ്ക്കുന്നതാണ് പന്നുവിന്‍റെ രാഷ്‌ട്രീയം. സ്വതന്ത്ര സിഖ് രാജ്യത്തിനായി വാദിച്ച് ഖാലിസ്ഥാൻ ആശയത്തിനു പ്രോത്സാഹനവും സാമ്പത്തിക സഹായവും ഇയാൾ നൽകി. തുടർന്ന് ഖാലിസ്ഥാൻ വാദത്തിന്‍റെ വക്താവായി. സ്വതന്ത്ര സിഖ് രാജ്യമെന്ന ആശയം മുൻനിർത്തി യുഎസ്, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതില്‍ മുൻപന്തിയിലുള്ള പന്നു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരേ കേസുകളും നടത്തുന്നു.

പല തരത്തിലുള്ള നിയമവിരുദ്ധ- ഭീകര പ്രവർത്തനങ്ങളിൽ പങ്ക് തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ ഇയാളെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൃഷിഭൂമി കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 3 കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2022 ഒക്റ്റോബറിൽ പന്നുവിനെതിരേ റെഡ് കോർണർ നോട്ടീസ് അയക്കാൻ ഇന്ത്യ ഇന്‍റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഈ ആവശ്യം നിരസിച്ചു.

2023ൽ ഇയാൾക്കെതിരേ വധശ്രമമുണ്ടായി. ഇന്ത്യയെ വിമർശിക്കുന്ന നൂറുകണക്കിന് വീഡിയൊകൾ പന്നു പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ എഴുതുകയോ സർക്കാർ കെട്ടിടങ്ങളിൽ ഖാലിസ്ഥാൻ പതാകകൾ ഉയർത്തുകയോ ഇന്ത്യൻ പതാകയെ അപമാനിക്കുകയോ ചെയ്യുന്നവർക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്തു. 2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദിയുടെയും രണ്ട് മന്ത്രിമാരുടെയും "രാഷ്‌ട്രീയ മരണത്തിന് ' ആഹ്വാനം ചെയ്തു. ഇന്ത്യൻ നയതന്ത്രജ്ഞരുടെ പേരുകളും ചിത്രങ്ങളും സഹിതം "ഇന്ത്യയെ കൊല്ലുക' എന്ന് എഴുതിയ പോസ്റ്ററുകളും ഇറക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com