"നടിക്കൊപ്പം സന്തോഷത്തിൽ വീട്ടിലിരുന്നതാണ്": വിജയ്‌ക്കെതിരേ അപകീർത്തി പരാമർശം, ഡിഎംകെ എംഎൽഎ അറസ്റ്റിൽ

മദ്രാസ് കോടതി മുൻകൂർ‌ ജാമ്യം തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്
DMK MLA arrested for defamatory remarks against CM Vijay

അനിത ആർ. രാധാകൃഷ്ണൻ,വിജയ്

Updated on

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരേ അപകീർത്തി പരാമർശം നടത്തിയ ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ. മദ്രാസ് കോടതി മുൻകൂർ‌ ജാമ്യം തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. നടിയുമായി ചേർത്ത് മുഖ്യമന്ത്രിക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേസിലാണ് നടപടി.

മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മവാർഷികവുമായി ബന്ധപ്പെടുത്തി തിരുച്ചെന്ദൂരിൽ ജൂൺ 20 ന് നടന്ന ചടങ്ങിനിടെ അനിത ആർ. രാധാകൃഷ്ണൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. യോഗത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.

ഡിഎംകെ എംഎൽഎ എസ്. ഓസ്റ്റിനും മുഖ്യമന്ത്രിയും തമ്മിൽ അസംബ്ലിയിൽ വച്ചു നടന്ന സംസാരത്തേക്കുറിച്ചാണ് അനിത ആർ. രാധാകൃഷ്ണൻ സംസാരിച്ചത്. "മുഖ്യമന്ത്രിയുടെ നേർക്ക് കൈ ചൂണ്ടിക്കൊണ്ട് ഓസ്റ്റിൻ ചോദിച്ചു, നിങ്ങൾ വായതുറന്ന് സംസാരിക്കില്ലേ എന്ന്. അദ്ദേഹം അതിനുള്ളിൽ അകപ്പെട്ടതുപോലെയാണ്. 'ഞാൻ എങ്ങനെയാണ് ഇതിനുള്ളിൽ കുടുങ്ങിയത്‍? നടിക്കൊപ്പം ഞാൻ വീട്ടിൽ എത്ര സന്തോഷവാനായിരുന്നു. ഇപ്പോൾ ഞാൻ ഇതിൽ അകപ്പെട്ടു' എന്നതുപോലെയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ അസംബ്ലിയിലെ സാന്നിധ്യത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന ആളുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്. ഞാനൊരു വ്യവസായിയാണ്. കടയിൽ ആരെങ്കിലും വന്നാൽ അയാൾ എന്തെങ്കിലും വാങ്ങാൻ വരുന്നതാണോ അല്ലയോ എന്ന് എനിക്ക് കണ്ടാൽ മനസിലാവും. അതുപോലെ അസംബ്ലിക്കുള്ളിൽ താൻ കുടുങ്ങിപ്പോയി എന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളതെന്ന് എനിക്ക് അറിയാം"- അനിത ആർ. രാധാകൃഷ്ണൻ പറഞ്ഞു.

ടിവി​കെയുടെ ആത്തൂരിലെ നേതാവിന്റെ പരാതിയിൽ ജൂൺ 23ന് ആത്തൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അറസ്റ്റിന് മുമ്പ് മുൻകൂർ ജാമ്യം തേടി രാധാകൃഷ്ണൻ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈകോടതി അപേക്ഷ തള്ളുകയായിരുന്നു. ഹൈകോടതി ഉത്തരവിന് പിന്നാലെ, തൂത്തുക്കുടി ജില്ലയിലെ ആത്തൂർ ടൗൺ പഞ്ചായത്ത് ഓഫീസിലായിരുന്ന രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാധാകൃഷ്ണന്‍റെ അറസ്റ്റിനെ വിമർശിച്ചുകൊണ്ട് ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി.

logo
Metro Vaartha
www.metrovaartha.com