മണ്ഡല പുനർനിർണയ ബില്ലിന് ഡിഎംകെയുടെ പിന്തുണ; കേന്ദ്രത്തിന് പാർലമെന്‍റിൽ കരുത്തേറും

ശനിയാഴ്ച രാവിലെ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്
DMK's support for the constituency delimitation bill

മണ്ഡല പുനർനിർണയ ബില്ലിന് ഡിഎംകെയുടെ പിന്തുണ

Updated on: 

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഡിഎംകെ. അടുത്തയാഴ്ച പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിനാണ് 22 എംപിമാരുള്ള ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ മണ്ഡല പുനർനിർണയ നടപടികളെ ശക്തമായി എതിർത്തിരുന്ന പാർട്ടിയുടെ നിലപാട് മാറ്റം കേന്ദ്ര സർക്കാരിന് പാർലമെന്‍റിൽ കൂടുതൽ കരുത്തുപകരും.

ശനിയാഴ്ച രാവിലെ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. യോഗത്തിനുശേഷം എംപി എ. രാജയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. പാർലമെന്‍റിൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ എംപി ദയാനിധി മാരനും അറിയിച്ചു.

പാർലമെന്‍റിലെ സീറ്റുകളുടെ എണ്ണത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ 50 ശതമാനം വർധന വരുത്തണമെന്ന വ്യവസ്ഥ കേന്ദ്രം ബില്ലിൽ ഉൾപ്പെടുത്തിയതോടെയാണ് ഡിഎംകെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.

പുനർനിർണയത്തിനുശേഷവും പാർലമെന്‍റിലെ തമിഴ്‌നാടിന്‍റെ 7.2 ശതമാനം പ്രാതിനിധ്യം നിലനിർത്താൻ കഴിയുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. നിലവിലുള്ള 39 ലോക്‌സഭാ സീറ്റുകൾ 59 ആയി ഉയരുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

വെള്ളിയാഴ്ച ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മണ്ഡല പുനർനിർണയത്തിലുള്ള പാർട്ടിയുടെ നിലപാട് ആവർത്തിച്ചിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിലെ അപകടങ്ങൾ ആദ്യം ചൂണ്ടിക്കാട്ടിയത് താനാണെന്നും ഇതിനെതിരേ ചെന്നൈയിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിച്ച് പൊതുനിലപാട് രൂപീകരിക്കാൻ നേതൃത്വം നൽകിയെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാടിന്‍റെ താൽപര്യങ്ങൾക്കായിരിക്കും മുൻഗണനയെന്നും ലോക്‌സഭയിലെ നിലവിലുള്ള 7.18 ശതമാനം പ്രാതിനിധ്യം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 1971ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങൾക്കിടയിലെ സീറ്റ് വിഭജനം അടുത്ത 25 വർഷത്തേക്ക് കൂടി മരവിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പാർലമെന്‍റിലെ ആകെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതല്ല ഡിഎംകെയുടെ പ്രധാന ആശങ്കയെന്നും പുനർനിർണയത്തിലൂടെ തമിഴ്‌നാടിന്‍റെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ കുറവുണ്ടാകരുതെന്നതാണ് പാർട്ടിയുടെ നിലപാടെന്നും ഡിഎംകെ വൃത്തങ്ങൾ അറിയിച്ചു.

തമിഴ്‌നാട്ടിൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഡിഎംകെ നിലപാട് മാറ്റിയതെന്ന ആരോപണവും പാർട്ടി തള്ളി. നീതിപൂർവമായ മണ്ഡല പുനർനിർണയമാണ് എക്കാലവും ഡിഎംകെ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.