

പാക്കിസ്ഥാനിൽ നിന്നുള്ള വെബ് സീരിസുകൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുത്; നെറ്റ്ഫ്ലിക്സിന് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ. പാക്കിസ്ഥാനിൽ നിന്നുള്ള വെബ് സീരിസുകൾ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നെറ്റ്ഫ്ലിക്സിനോട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിൽ നിന്നുള്ള വെബ് സീരിസായ 'ജോ ബച്ചായ് ഹേ സാങ് സമൈത് ലോ' ഇന്ത്യയിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചതോടെയാണ് സർക്കാരിന്‍റെ ഇടപെടൽ. പാക്കിസ്ഥാനിൽ നിന്നുള്ള സീരിസുകൾ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന 2025 മേയ് എട്ടിലെ നിർദേശം പാലിക്കണമെന്ന് നെറ്റ്ഫ്ലിക്സിനോട് മന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം ജൂണിൽ പാക്കിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ് മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഈ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും മന്ത്രാലയം നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു.