ഒന്നര മണിക്കൂർ കിക്ക് ബോക്സിങ്, പിന്നാലെ മരണം; നടൻ പുനീത് രാജ്കുമാറിന്‍റെ അവസാന നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഡോക്റ്റർ

2021 ഒക്റ്റോബർ 29നാണ് 46ാം വയസിൽ പുനീത് രാജ്കുമാർ മരിച്ചത്

Puneeth Rajkumar

പുനീത് രാജ്‌കുമാർ

Updated on: 

ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ അവസാന മണിക്കൂറുകൾ ഓർത്തെടുത്ത് അദ്ദേഹത്തെ ചികിത്സിച്ച ഡോ. രമണ റാവു. മരണത്തിന് മുൻപ് ഒന്നര മണിക്കൂറോളം കിക്ക് ബോക്സിങ് ചെയ്ത പുനീത് കടുത്ത ക്ഷീണത്തോടെയും അമിതമായി വിയർത്തുമാണ് ക്ലിനിക്കിലെത്തിയതെന്ന് ഡോക്റ്റർ പറഞ്ഞു. തുടർന്ന് നടത്തിയ ഇസിജി പരിശോധനയിൽ ഹൃദയത്തിന് സമ്മർദമുണ്ടെന്ന സൂചന ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

2021 ഒക്റ്റോബർ 29നാണ് 46ാം വയസിൽ പുനീത് രാജ്കുമാർ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. പുനീതിന്‍റെ മരണത്തിന് അഞ്ച് വർഷം തികയാനിരിക്കെയാണ് ഡോ. രമണ റാവു അവസാന നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. 'ജസ്റ്റ് ക്യൂരിയസ് കന്നഡ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

ഒന്നര മണിക്കൂർ കിക്ക് ബോക്സിങ്

സംഭവദിവസം തന്‍റെ ക്ലിനിക്കിലെത്തിയ പുനീത് ജിമ്മിൽ ഒന്നര മണിക്കൂറോളം കിക്ക് ബോക്സിങ് ചെയ്തതായി പറഞ്ഞിരുന്നുവെന്ന് ഡോക്റ്റർ ഓർത്തെടുത്തു. അന്ന് ആദ്യമായാണ് താരം കിക്ക് ബോക്സിങ് പരീക്ഷിച്ചത്. ക്ലിനിക്കിലെത്തിയപ്പോൾ പുനീത് അമിതമായി വിയർക്കുകയും കടുത്ത ക്ഷീണം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വിയർപ്പിന്‍റെ അസാധാരണമായ അളവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുനീതിന്‍റെ ആരോഗ്യനിലയിൽ കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് ഡോക്റ്റർ പറഞ്ഞു. ഉടൻ ഇസിജി എടുത്തു. പരിശോധനയിൽ ഹൃദയത്തിന് സമ്മർദമുണ്ടെന്ന സൂചന ലഭിച്ചു. ഇതോടെ മരുന്ന് നൽകിയശേഷം അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

സ്വന്തം കാറിലാണ് പുനീതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രയ്ക്കിടെ താരം സംസാരിക്കുന്നുണ്ടായിരുന്നുവെന്നും കാറിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചുവെന്നും ഡോക്റ്റർ പറഞ്ഞു. എന്നാൽ, ഭാര്യ അശ്വിനിയുടെ മടിയിൽ തലവച്ച് വിശ്രമിക്കാൻ പുനീതിനോട് ആവശ്യപ്പെട്ടു. വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവറോടും നിർദേശിച്ചു.

ആശുപത്രിയിലെത്താൻ ഒരു മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് പുനീതിന്‍റെ ഹൃദയമിടിപ്പ് നിലച്ചതെന്ന് ഡോ. രമണ റാവു പറഞ്ഞു. ആശുപത്രിക്കുള്ളിലെത്തിച്ചപ്പോഴേക്കും ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. തുടർന്ന് വിക്രം ആശുപത്രിയിലെ ഡോക്റ്റർമാർ അടിയന്തര ചികിത്സകൾ നൽകി താരത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പുനീതുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും സ്വന്തം മകനെപ്പോലെയാണ് അദ്ദേഹത്തെ കണ്ടിരുന്നതെന്നും ഡോ. രമണ റാവു പറഞ്ഞു. തന്‍റെ രണ്ടാമത്തെ മകനും പുനീതും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കുട്ടിക്കാലത്ത് ഒരുമിച്ച് കളിക്കുകയും കളിപ്പാട്ടങ്ങൾ പങ്കിടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

ആരാധകരെ കണ്ണീരിലാഴ്ത്തിയ വിയോഗം

അപ്പു എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം കന്നഡ സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരുന്നു. മരണത്തിന് പിന്നാലെ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്. രാഷ്ട്രീയ നേതാക്കളും സിനിമാ രംഗത്തെ പ്രമുഖരും താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com