ഡോക്റ്റർ എസിയിട്ട് ഇരുന്നുറങ്ങി; രോഗി രക്തം വാർന്ന് മരിച്ചു|Video

കുട്ടിയുമായി ആശുപത്രിയിൽ എത്തിയ ഒരു സ്ത്രീ ഡോക്റ്ററെ ഉണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഡോക്റ്റർ ഉണരാൻ തയാറായില്ല.

ലഖ്നൗ: ഡോക്റ്റർമാരുടെ അനാസ്ഥ മൂലം രോഗി രക്തം വാർന്ന് മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് ലാലാ ലജ്പത് റായി മെമ്മോറിയൽ മെഡിക്കൽ കോളെജിൽ ഗുരുതരമായ പരുക്കുകളോടെ പ്രവേശിപ്പിച്ച സുനിൽ ആണ് മരിച്ചത്. സംഭവ സമയത്ത് ഡോക്റ്റർമാർ ഇരുന്നുറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ആശുപത്രിയിലെത്തിച്ച സുനിൽ വേദന കൊണ്ട് പിടയുകയായിരുന്നുവെന്നും ഉറക്കെ നിലവിളിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്റ്റർമാരും എത്തിയില്ലെന്നും സുനിലിന്‍റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ജൂനിയർ ഡോക്റ്റർമാരായ ഭൂപേഷ് കുമാർ റായ്, അനികേത് എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഡോക്റ്റർ ചികിത്സാ മുറിയിൽ എസിക്കു മുന്നിൽ മേശയ്ക്ക് മേൽ കാൽ കയറ്റി വച്ച് ഇരുന്നുറങ്ങുന്നത് വിഡിയോയിൽ വ്യക്തമാണ്. കുട്ടിയുമായി ആശുപത്രിയിൽ എത്തിയ ഒരു സ്ത്രീ ഡോക്റ്ററെ ഉണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഡോക്റ്റർ എഴുന്നേൽക്കുന്നില്ല. തൊട്ടടുത്ത് തന്നെ രക്തം വാർന്ന നിലയിൽ സുനിൽ കിടക്കുന്നതും വിഡിയോയിൽ കാണാം.

ഡ്യൂട്ടി ഇൻചാർജ് ഡോ. ശശാങ്ക് ജിൻഡാൽ ആ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ പരാതി നൽകിയതിനു പിന്നാലെ ഡോ. ജിൻഡാൽ ആശുപത്രിയിലെത്തി വേണ്ട ചികിത്സ നൽകിയെങ്കിലും ഞായറാഴ്ച രാവിലെയോടെ സുനിൽ മരിച്ചു. സംഭവത്തിൽ ആശുപത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു പുറമേ മീററ്റ് ജില്ലാ മജിസ്ട്രേറ്റും അന്വേഷണത്തിന് ഉത്തരവിട്ടു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com