ബുൾഡോസർ നീതിയെ വിമർശിച്ച് പിണറായി വിജയൻ; ഇവിടത്തെ കാര്യത്തിൽ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാർ

പിണറായിയെ പോലൊരു മുതിർന്ന നേതാവ് കാര്യമറിയാതെ സംസാരിച്ചത് നിർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു
Don't interfere in our state's affairs: Shivakumar tells Kerala CM Pinarayi

ഡി.കെ. ശിവകുമാർ

Updated on

ബംഗളൂരു: കർണാടകയിലെ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ വെച്ചു തകർത്ത നടപടിയെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പിണറായി ഞങ്ങളുടെ സംസ്ഥാനത്തെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നാണ് ശിവകുമാർ വ്യക്തമാക്കിയിരിക്കുന്നത്. വസ്തുതകൾ അറിയാതെ പിണറായി വിജയൻ നടത്തിയിരിക്കുന്നത് രാഷ്‌ട്രീയ പ്രസ്താവനയാണ്.

ഇതെല്ലാം തെരഞ്ഞെടുപ്പു കാലം മുൻനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയക്കളികളാണെന്നും ശിവകുമാർ വിമർശിച്ചു. ഇത്തരമൊരു വിഷയത്തിൽ പിണറായിയെ പോലൊരു മുതിർന്ന നേതാവ് കാര്യമറിയാതെ സംസാരിച്ചത് നിർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. അതൊരു മാലിന്യം തള്ളുന്ന സ്ഥലമായിരുന്നു. അവിടെയാണ് ചിലർ അനധികൃതമായി നിർമാണം നടത്തിയത്. അതൊരു വളരെ അപകടകരമായ മേഖലയാണ്. അവിടെ താമസിച്ചാൽ ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാകും. കർണാടക സർക്കാരിനും കോൺഗ്രസിനും മാനുഷികതയെക്കുറിച്ച് നന്നായി അറിയാം. അർഹരായ വ്യക്തികൾക്ക് താമസിക്കാൻ മറ്റ് ഇടങ്ങൾ നൽകുമെന്നും ഡികെ വ്യക്തമാക്കി.

കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടിയെയാണ് പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്‍റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പിൽ ആരോപിച്ചിരുന്നു.

ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്‍റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക? എന്നും പോസ്റ്റിലുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com