"ജീവിതം മുഴുവൻ വിധവയെ പോലെ കഴിയരുത്"; വിവാഹമോചനം വേണമെന്ന് യാസിൻ മാലിക്

പാക്കിസ്ഥാൻ സ്വദേശിയായ മുഷാൽ ഹുസൈൻ മുള്ളിക്ക് ആണ് മാലിക്കിന്‍റെ ഭാര്യ.
"Don't spend your entire life living like a widow"; Yasin Malik seeks divorce

യാസിൻ മാലിക്, ഭാര്യ  മുഷാൽ ഹുസൈൻ മുള്ളിക്ക്

Updated on

ജമ്മു: വിവാഹമോചനം വേണമെന്നും കൊലക്കേസിൽ ഇനി കോടതിയിൽ വാദിക്കാനില്ലയെന്നും ഭീകരവാദി യാസിൻ മാലിക്. നിരോധിക്കപ്പെട്ട ഭീകര സംഘടന ജമ്മു ആൻഡ് കശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവിയായ യാസിൻ മാലിക് കശ്മീരി പണ്ഡിറ്റ് നഴ്സായ സർള ഭട്ട് കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. 2019ലാണ് മാലികിനെ തിഹാർ ജയിലിൽ അടച്ചത്. അഭിഭാഷകനായ അബുദ അദിൽ പണ്ഡിറ്റ് മുഖേന ശ്രീനഗർ അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 25 പേജുള്ള പ്രസ്താവനയിലാണ് മാലിക് വിവാഹമോചനക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാൻ സ്വദേശിയായ മുഷാൽ ഹുസൈൻ മുള്ളിക്ക് ആണ് മാലിക്കിന്‍റെ ഭാര്യ.

16 വർഷം നീണ്ടു നിന്ന വിവാഹ ബന്ധമാണ് പിരിയുന്നത്. മുഷാൽ പാക്കിസ്ഥാനി കലാകാരിയും സാമൂഹ്യപ്രവർത്തകയുമാണ്. ഇരുവരും 2009ലാണ് വിവാഹം കഴിച്ചത്. 13 വയസുള്ള റാസിയ സുൽത്താന എന്ന മകളുമുണ്ട്. കഴിഞ്ഞ എട്ടു വർഷം ഭാര്യയുമായോ വീട്ടുകാരുമായോ ഫോണിലൂടെ സംസാരിക്കാനോ വിഡിയോ കോളിലൂടെ കാണാനോ അനുവാദം ലഭിച്ചിട്ടില്ല. വളരെ വേദനയോടെയാണ് ഈ തീരുമാനം എടുക്കുന്നത്. ജീവിതകാലം മുഴുവൻ മുഷാൽ ഒരു വിധവയെ പോലെ ഈ സാഹചര്യത്തിന്‍റെ ദുരിതവും പേറി ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.

അന്തസും പ്രതീക്ഷയുമുള്ള ഒരു പുതിയ ജീവിതം അവൾക്കുണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹം. കഴുത്തിൽ കുരുക്ക് വീഴും മുൻപേ നിക്കാഹിൽ നിന്ന് നിന്നെ വേർപെടുത്തണമെന്നാണ് ആഗ്രഹമെന്നും നിന്നിൽ നിന്ന് പിരിയണമെന്ന് എങ്ങനെ പറയണമെന്ന് അറിയില്ലയെന്നും വൈകാരികമായ കുറിപ്പിൽ മാലിക് എഴുതിയിട്ടുണ്ട്. അമ്മയെയും മുത്തശ്ശിയെയും നന്നായി നോക്കണമെന്നും അമ്മയോട് എല്ലാ ദിവസവും കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും സംസാരിക്കണമെന്നും മകൾ റാസിയയോട് മാലിക് ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ വന്നതിൽ തനിക്ക് പശ്ചാത്താപമുണ്ട്. ഈ ജന്മത്തിലും അടുത്ത ജന്മത്തിലും നിങ്ങൾ രണ്ടു പേരേയും ഞാൻ ഓർമിക്കുകകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്നും മാലിക് കുറിക്കുന്നു.

കൊലപാതകക്കേസിലെ കോടതി ഉത്തരവിനെ ‌ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലയെന്നും പ്രസ്താവനയിലുണ്ട്. എന്നാൽ കേസിൽ നിന്ന് പിൻതിരിയുന്നതിന് കുറ്റം സമ്മതിക്കുന്നു എന്ന അർഥമില്ലെന്നും മാലിക് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്‌ട്രീയ സാഹചര്യം മൂലം തന്നെ കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നാണ് മാലിക്കിന്‍റെ വാദം. എന്നാൽ ഒരുപാട് ആലോചനകൾക്കും പ്രാർഥനകൾക്കും ശേഷമാണ് ഈ തീരുമാനമെടുത്തത്."ഞാൻ ഇനി വിചാരണയെ എതിർക്കില്ല; എനിക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണ്," മാലിക് കോടതിയിൽ പറഞ്ഞു

logo
Metro Vaartha
www.metrovaartha.com