

പ്രതീകാത്മക ചിത്രം
Freepik.com
ഖാത്തിമ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗർ ജില്ലയിലുള്ള ഖാത്തിമ നഗരത്തിൽ കല്യാണപ്പന്തലിനെ കണ്ണീരിലാഴ്ത്തി വൻ ദുരന്തം. സ്ത്രീധനത്തെയും 'മഹർ' തുകയെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വധുവിന്‍റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഉത്തരാഖണ്ഡിലെ ഇസ്‌ലാംനഗർ സ്വദേശിയായ പ്രാദേശിക കോൺട്രാക്റ്റർ സാദിഖ് ആണ് മരിച്ചത്. മരണവാർത്ത പുറത്തുവന്നതോടെ പ്രകോപിതരായ വധുവിന്‍റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വരനെയും കല്യാണസംഘത്തെയും പന്തലിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ചു. വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ഉത്തർപ്രദേശിലെ ബറേലിയിലുള്ള ബാര ഫരീദ്പൂരിൽ നിന്നാണ് മുഹമ്മദ് ആരിഫ് എന്ന വരന്‍റെ നേതൃത്വത്തിലുള്ള വിവാഹസംഘം ഖാത്തിമയിലെ ഖുശ്ബു മാര്യേജ് ഹാളിൽ എത്തിയത്. തുടക്കത്തിൽ ചടങ്ങുകളെല്ലാം സുഗമമായാണ് നടന്നതെങ്കിലും, നിക്കാഹ് സമയത്ത് ഇരുവിഭാഗവും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലി കടുത്ത തർക്കം ഉടലെടുക്കുകയായിരുന്നു.
വിവാഹം നിശ്ചയിച്ചതുമുതൽ വരന്‍റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി വധുവിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നു. ആദ്യം സ്കൂട്ടർ ആവശ്യപ്പെട്ടിരുന്ന ഇവർ പിന്നീട് അത് മാറ്റി മോട്ടോർ സൈക്കിൾ വേണമെന്നായി. ഒടുവിൽ നിക്കാഹ് സമയത്ത് ഒരു ലക്ഷം രൂപ പണമായി വേണമെന്ന് വരന്‍റെ വീട്ടുകാർ വാശിപിടിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായതെന്നും ആരോപണം.
ഇതിനുപുറമെ ഇസ്ലാമിക ആചാരപ്രകാരം വരൻ വധുവിന് നൽകേണ്ട വിവാഹ സമ്മാനമായ 'മഹർ' തുകയെച്ചൊല്ലിയും തർക്കം മൂത്തു. മഹർ തുകയായി അഞ്ച് ലക്ഷം രൂപ നിശ്ചയിക്കണമെന്ന് വധുവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടു. 21,000 രൂപയിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വരന്‍റെ ബന്ധുക്കൾ.
തർക്കം രൂക്ഷമായതോടെ വധുവിന്‍റെ പിതാവായ സാദിഖിന്‍റെ ആരോഗ്യം പെട്ടെന്ന് വഷളാകുകയും അദ്ദേഹം കുഴഞ്ഞുവീഴുകയുമായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. സ്ത്രീധന തർക്കത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് സാദിഖിന്‍റെ പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു.
സാദിഖിന്‍റെ മരണവാർത്ത കല്യാണപ്പന്തലിൽ എത്തിയതോടെ വധുവിന്‍റെ ബന്ധുക്കളും നാട്ടുകാരും അക്രമാസക്തരായി. വരനായ മുഹമ്മദ് ആരിഫ്, ഇയാളുടെ സഹോദരൻ മുഹമ്മദ് ഖാലിദ്, അളിയൻ അത ഹുസൈൻ എന്നിവരടക്കം നിരവധി അതിഥികളെ പ്രകോപിതരായ ജനക്കൂട്ടം ഹാളിൽ പൂട്ടിയിട്ടു. ഇതിനിടെ കല്യാണസംഘത്തിലെ ചിലർക്ക് നേരെ ക്രൂര മർദനവുമുണ്ടായി.
നാട്ടുകാരുടെ മർദനത്തിൽ നിന്നു രക്ഷപെടാനായി കല്യാണത്തിനെത്തിയ അതിഥികളിൽ പലരും തൊട്ടടുത്ത വീടിന്‍റെ മേൽക്കൂര വഴി ഓടി രക്ഷപെടാൻ ശ്രമിച്ചു. ഈ നെട്ടോട്ടത്തിനിടെ വീടിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീഴുകയും ഏതാനും പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഖാത്തിമ കോട്‌വാലി പൊലീസ് ഉദ്യോഗസ്ഥർ വൻ സന്നാഹത്തോടെ സ്ഥലത്തെത്തിയാണ് വരനെയും ബന്ധുക്കളെയും ജനക്കൂട്ടത്തിൽ നിന്നും രക്ഷപെടുത്തിയത്. പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും, ഇരുവിഭാഗത്തിന്‍റെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.