

പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ നവീകരണങ്ങൾ നടത്താനും പുതിയ മേഖലകളിലേക്ക് മുന്നേറാനും അദ്ദേഹം ആഹ്വാനം ചെയ്തു.
“ഹാപ്പി നാഷണൽ സ്പേസ് ഡേ! കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ നവീകരിക്കാനും പുതിയ അതിരുകൾ കീഴടക്കാനും നമുക്ക് ഒരുമിച്ച് മുന്നേറാം,”-എക്സിലെ കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോളതലത്തിൽ അതിവേഗം വളരുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എൻജിനീയർമാർ, ഡിസൈനർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ തുടങ്ങിയ യുവതലമുറ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബഹിരാകാശ മേഖലയിലെ ഇന്ത്യൻ പ്രതിഭകൾ ആഗോളതലത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്നും രാജ്യത്തെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകരുടെ ആകർഷണകേന്ദ്രമായി മാറിയെന്നും മോദി വ്യക്തമാക്കി. പ്രൊപ്പൽഷൻ സംവിധാനങ്ങൾ, കോംപോസിറ്റ് വസ്തുക്കൾ, റോക്കറ്റ് ഘട്ടങ്ങൾ, ഉപഗ്രഹ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ യുവാക്കൾ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുടെ നേട്ടങ്ങൾ രാജ്യത്തെ പുതിയ തലമുറയിലെ കുട്ടികളെയും ശാസ്ത്രജ്ഞരാകാൻ പ്രചോദിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.