ഇ20 പെട്രോൾ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ഇ20 പെട്രോളിന്‍റെ വില കുറയ്ക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ
Arvind Kejriwal

അരവിന്ദ് കെജ്‌രിവാൾ

file image
Updated on

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഇ20 ഇന്ധനത്തിനൊപ്പം ശുദ്ധ പെട്രോളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകുന്ന വിധത്തിൽ ലഭ്യമാക്കണമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇതുസംബന്ധിച്ച നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുന്നതിനായി ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ശനിയാഴ്ച ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ച ശേഷം നൂറോളം പേരുമായി ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് കെജ്‌രിവാൾ പറഞ്ഞു. പെട്രോൾ പമ്പുകളിൽ ഇ20 പെട്രോളിനൊപ്പം സാധാരണ (ശുദ്ധ) പെട്രോളും ലഭ്യമാക്കണമെന്നും, ഇ20 പെട്രോളിന്‍റെ വില കുറയ്ക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഇ20 ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, അതിന് അടിസ്ഥാനമായ പഠന റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുൻപാകെ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായെന്ന് അവർ അവകാശപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com