ഇന്ത്യയെ തകർക്കാൻ വൻ പാക് ചാരശൃംഖല

മാർച്ച് 14 മുതൽ ഇതു വരെ യുപിയിൽ പിടിയിലായത് 22 പേർ
A huge Pakistani spy network is trying to destroy India

ഇന്ത്യയെ തകർക്കാൻ വൻ പാക് ചാരശൃംഖല

file photo

Updated on

ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനിലുള്ള ഭീകരരുടെ നിർദേശപ്രകാരം യുപിയിലെത്തിയ 22 ചാരന്മാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഘത്തിൽ നിരവധി പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. കേവലമൊരു പ്രാദേശിക ശൃംഖലയായിരുന്നില്ല ഇതെന്ന് വിദഗ്ധ അന്വേഷണത്തിൽ തെളിഞ്ഞു.

സമീപകാലത്തെ ഏറ്റവും ഗുരുതരമായ ചാരവൃത്തി കേസുകളിൽ ഒന്നാണ് ഇത്. സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു കൂട്ടം യുവാക്കളുടെ ചിത്രങ്ങളാണ് ഇവയെന്നു സംശയിച്ച ഇന്‍റലിജൻസ് ബ്യൂറോയുടെ കൂടുതൽ അന്വേഷണങ്ങളിൽ നിന്നാണ് അതിർത്തി കടന്നുള്ള പാക്കിസ്ഥാനിലെ ഭീകരരുടെ നേരിട്ടുള്ള നിർദേശപ്രകാരം പ്രവർത്തിക്കുന്ന സംഘടിത പ്രവർത്തനമാണ് ഇതെന്ന് മനസിലായത്.

ഉത്തർ പ്രദേശിലെ ഭോവാപൂരിൽ ചില യുവാക്കൾ റെയിൽവേ സ്റ്റേഷനുകളുടെയും സൈനിക താവളങ്ങളുടെയും ഫോട്ടോകളും വീഡിയോകളും എടുത്ത് വിദേശത്തേയ്ക്ക് അയയ്ക്കുന്നു എന്ന പ്രാഥമിക മുന്നറിയിപ്പിനെ തുടർന്ന് പൊലീസ് സത്വര നടപടി എടുക്കുകയായിരുന്നു. എളുപ്പത്തിൽ ധനസമ്പാദന മാർഗമായാണ് ഈ യുവാക്കൾ ഈ ശൃംഖലയിൽ എത്തപ്പെട്ടതെന്നും കൂടുതൽ പണം സമ്പാദിക്കാൻ കൂടുതൽ യുവാക്കളെ ഇതിലേയ്ക്ക് നിയമിക്കാൻ പാക് ഭീകരർ ഈ യുവാക്കളിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

യുപി പൊലീസ് നടത്തിയ ആദ്യ അന്വേഷണത്തിൽ അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന ആറു പ്രതികളെ അറസ്റ്റ് ചെയ്തു. അവരുടെ ഫോണുകളിൽ രാജ്യസുരക്ഷയെ തകർക്കാൻ പോന്ന സുപ്രധാന വിവരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട നിരവധി ഇൻസ്റ്റാലേഷനുകളാൽ നിറഞ്ഞ ഗാലറിയിൽ നിരവധി വീഡിയോകൾ, ഫോട്ടോഗ്രാഫുകൾ, ലൊക്കേഷൻ ടാഗുകൾ എന്നിവയുണ്ടായിരുന്നു. പാക്കിസ്ഥാന്‍റെ ചാരപ്രവർത്തനത്തിനു പോന്നതായിരുന്നു ഈ സുപ്രധാന തെളിവുകൾ.

ക്രൈം ബ്രാഞ്ച്, സൈബർ ക്രൈം, ഇന്റലിജൻസ്, സ്വാറ്റ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇന്ദിരാപുരം പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉടൻ രൂപീകരിച്ചു. മാർച്ച് 17 ന് അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചതോടെ പാക്കിസ്ഥാനിൽ നിന്നു പ്രവർത്തിക്കുന്ന സുഹൈൽ മാലിക്, നൗഷാദ് അലി, സമീർ എന്ന ഷൂട്ടർ എന്നിവരുടെ നിർദേശപ്രകാരമാണ് ഈ 22 പേരും രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ ഒറ്റിക്കൊടുത്തു കൊണ്ടിരുന്നത് എന്നു തിരിച്ചറിഞ്ഞു.

സോഷ്യൽ മീഡിയയിലൂടെയും എൻക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകളിലൂടെയുമാണ് അവരുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ഏതു റെയിൽവേ സ്റ്റേഷനുകൾ ചിത്രീകരിക്കണം, ഏതു ചുറ്റളവുകൾ മാപ്പ് ചെയ്യണം, ഏതു കോണുകൾ ചിത്രീകരിക്കണം, എപ്പോഴാണ് ഇവ അ‍യയ്ക്കേണ്ടത് തുടങ്ങി എല്ലാത്തിനും പ്രത്യേകം പ്രത്യേകം നിർദേശങ്ങൾ അയച്ചിരുന്നതായും എസ്ഐടി ഉദ്യോഗസ്ഥർ കണ്ടെത്തി.

ഇത്തരം ഒരു ദേശവിരുദ്ധ പ്രവർത്തനത്തിന് 5000 രൂപ മുതൽ 20,000 രൂപ വരെയാണ് പ്രതിഫലം. ഈ പണത്തിൽ ആകൃഷ്ടരായി മുന്നോട്ടു വന്ന ദരിദ്ര യുവാക്കളെയാണ് ഈ ഭീകര ഗ്രൂപ്പ് മസ്തിഷ്ക പ്രക്ഷാളനം നടത്തി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു വന്നത്. അറസ്റ്റിലായ ആറു പ്രതികളിൽ നാലു പേർ മുമ്പ് ജമ്മു കശ്മീരിലെ പുൽവാമയിലേയ്ക്ക് യാത്ര ചെയ്യുകയും അവിടെ വച്ച് പാക്കിസ്ഥാനിലേയ്ക്ക് രഹസ്യ വിവരങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിൽ രണ്ടാമത്തെ വലിയ ആക്രമണത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായിരുന്നു ഈ ശൃംഖല എന്നാണ് പഴുതടച്ച ഈ അന്വേഷണം വ്യക്തമാക്കുന്നത്.

ഇന്ത്യയ്ക്കെതിരേയുള്ള വരാനിരിക്കുന്ന വൻ ആക്രമണത്തിനു മുമ്പേയുള്ള ഒരു രഹസ്യാന്വേഷണം കൂടിയാണ് ഇപ്പോൾ യുപി പൊലീസ് തകർത്തിരുന്നത്. പാക്കിസ്ഥാനിലേയ്ക്ക് നേരിട്ട് തത്സമയ വിവരങ്ങൾ നൽകുന്നതിനും സൈനിക നീക്കങ്ങൾ ചോർത്തുന്നതിനുമായി ഡൽഹി-ജമ്മു റെയിൽവേ ഇടനാഴിയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുളള പരിശ്രമത്തിലായിരുന്നു ഈ ചാരസംഘം. ഇതിനായി ഡൽഹി കന്‍റോൺമെന്‍റിലും ഹരിയാനയിലെ സോണിപ്പത്തിലും ഓരോ ക്യാമറകൾ പ്രവർത്തനക്ഷമമാക്കിയിരുന്നു.

അവ ഇപ്പോൾ ഫോറൻസിക് സംഘങ്ങൾ വിശകലനം ചെയ്യുകയാണ്. ഇതൊന്നും കൂടാതെ ഇന്ത്യയിലെമ്പാടും ഏകദേശം അമ്പതോളം ഇൻസ്റ്റാലേഷനുകളുടെ ഒരു വലിയ ലക്ഷ്യവും ഇവർക്കുണ്ടായിരുന്നതായും കണ്ടെത്തി. ഈ ചാരശൃംഖല ഇതെല്ലാം വിജയകരമായി നടപ്പാക്കിയിരുന്നെങ്കിൽ ഇന്ത്യൻ സൈനിക നീക്കങ്ങൾ തുടർച്ചയായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഒപ്പിയെടുക്കുമായിരുന്നു എന്ന് അന്വേഷകസംഘം വിലയിരുത്തുന്നു.

തങ്ങൾ എടുത്ത തന്ത്രപ്രധാനമായ ഫോട്ടോകൾ, വീഡിയോകൾ, ജിപിഎസ് ഡാറ്റ എന്നിവയുടെ നേരിട്ടുള്ള സംപ്രേക്ഷണത്തിനായി ഇവർ വിദേശ നിയന്ത്രിത മൊബൈൽ ആപ്ലിക്കേഷനാണ് ഉപയോഗിച്ചത്. ഇവർക്കായുള്ള ഓൺലൈൻ പരിശീലന മൊഡ്യൂളുകളും വിദേശത്തു നിന്നാണ് വന്നത്.450ലധികം ഫയലുകൾ പാക്കിസ്ഥാനിലേയ്ക്ക് തിരിച്ചയച്ചതായും അന്വേഷണ സംഘം പറഞ്ഞു.

മൊബൈൽ റിപ്പയർ ഷോപ്പുകളിൽ ജോലി ചെയ്യുന്നവർ, സിസിടിവി ജോലി ചെയ്യുന്നവർ, അടിസ്ഥാന നെറ്റ് വർക്കിങ് വൈദഗ്ധ്യമുള്ളവർ തുടങ്ങി സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ട്മെന്‍റ് . സാമ്പത്തികമായി ദുർബലരായ യുവാക്കളെയാണ് കൂടുതൽ റിക്രൂട്ട് ചെയ്തത്. ഇതിൽ സംശയങ്ങൾ ഉണ്ടാകാതിരിക്കാനായി സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും ഉൾപ്പെടുത്തി പാക് ഭീകരർ റിക്രൂട്ട്മെന്‍റ് നടത്തിയത്. ഇതിൽ മുഖ്യ റിക്രൂട്ടർമാരിൽ ഒരാൾ ഇറാം എന്നറിയപ്പെടുന്ന മഹാക് ആണെന്ന് തിരിച്ചറിഞ്ഞു.

സമാന്തര പ്രവർത്തനം

ഒറ്റിപി, സിം വിതരണ റാക്കറ്റ് അന്വേഷിക്കാൻ പശ്ചാത്തലത്തിൽ ഒരു സമാന്തര പ്രവർത്തനം ആരംഭിച്ചു. പ്രതികൾ ഇന്ത്യൻ ഒറ്റിപികൾ വിദേശത്തേയ്ക്ക് കൈമാറി. ഇത് വിദേശികളെ ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ച് വാട്ട്സാപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ സഹായിച്ചു. ഇത്തരം ഇടപാടുകൾക്ക് 500 രൂപ മുതൽ 5000 രൂപ വരെയാണ് അവർ ഇടാക്കിയത്.

തട്ടിപ്പ്, വഞ്ചന, വ്യാജ ഐഡികൾ, ഏജന്‍റുമാർ വഴി മുൻകൂട്ടി സജീവമാക്കിയ സിമ്മുകൾ എന്നിങ്ങനെ പരസ്പരം മാറ്റാവുന്ന രീതിയിൽ തന്ത്രപരമായാണ് ഈ സിം ഏറ്റെടുക്കൽ നിർമിച്ചത്. യുപിഐ വഴി കൈമാറ്റം ചെയ്ത പണം വ്യക്തിഗത അക്കൗണ്ടുകൾ ഒഴിവാക്കി ജൻസേവാ കേന്ദ്രങ്ങളിലൂടെയും ചെറിയ കടകളിലൂടെയും ഈ ഫണ്ട് വഴി തിരിച്ചു വിടുകയായിരുന്നു. ഇങ്ങനെ ചെയ്തതിലൂടെ ഈ ചാരശൃംഖലയ്ക്ക് വന്ന പണത്തെ കുറിച്ചുള്ള സംശയാസ്പദമായ അന്വേഷണങ്ങൾ കുറയുന്നത് ഈ സംഘം ഉറപ്പാക്കി. മാർച്ച് 20 ന് അഞ്ചു പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ ഒമ്പതു പേരെക്കൂടി എസ്ഐടി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ഈ സംഘത്തിന് ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, നേപ്പാൾ എന്നിവിടങ്ങളിൽ ബന്ധമുണ്ടായിരുന്നു.

തുടർന്ന് മാർച്ച് 22 ന് ഫരീദാബാദിൽ നൗഷാദ് അലി എന്ന ലാലു അറസ്റ്റിലായി. ഒരു ഇന്ധന സ്റ്റേഷനിൽ ടയർ- പഞ്ചർ റിപ്പയർ ഷോപ്പ് നടത്തി വരികയായിരുന്നു. ഇയാളോടൊപ്പം മഥുര സ്വദേശിനി പ്രായപൂർത്തിയാകാത്ത മീരയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുമ്പും ആയുധ വിതരണ കേസിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അവളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ചാര ശൃംഖലയ്ക്കായി സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്ന ഈ പ്രതിയ്ക്ക് പാക്കിസ്ഥാനിലെ സർദാർ എന്ന സർഫറാസുമായി ബന്ധമുള്ളതായും കണ്ടെത്തി. പാക് ചാരശൃംഖലയിലെ പ്രധാനിയായ സമീർ എന്ന ഷൂട്ടറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എൻഐഎ, എടിഎസ്, യുപി-ഡൽഹി-ഹരിയാന പൊലീസുകൾ എന്നിവരാണ് ഈ ചാരശൃംഖലയെ കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കുന്നത്. ക്യാമറകൾ സ്ഥാപിച്ചതും വീഡിയോകൾ റെക്കോർഡ് ചെയ്തതും തുടങ്ങിയ ഈ ചാര ശൃംഖല പുനർനിർമിക്കുന്നതിനായി സിമ്മുകൾ വാങ്ങിയതുമായ എല്ലാ സ്ഥലങ്ങളിലേയ്ക്കും അന്വേഷകർ പ്രതികളെ കൊണ്ടു പോയി തെളിവെടുപ്പു നടത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com