

ഇഡി ഡയറക്റ്റർ രാഹുൽ നവീൻ
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) ഡയറക്റ്റർ രാഹുൽ നവീന്‍റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് 13ന് നിലവിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് 2027 ഓഗസ്റ്റ് 13 വരെ നീട്ടിയത്.
കാബിനറ്റിന്‍റെ നിയമനകാര്യ കമ്മിറ്റിയാണ് കാലാവധി നീട്ടാൻ അനുമതി നൽകിയത്. ഇതാദ്യമായാണ് രാഹുൽ നവീന് കാലാവധി നീട്ടി നൽകുന്നത്. 1993 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനായ ബിഹാർ സ്വദേശിയായ 59കാരനായ രാഹുൽ നവീൻ 2023 സെപ്റ്റംബർ മുതൽ ഇഡിയുടെ മേധാവിയായി പ്രവർത്തിച്ചുവരികയാണ്. 2023 സെപ്റ്റംബർ 15ന് ഇഡി ഡയറക്റ്ററുടെ അധിക ചുമതല ഏറ്റെടുത്ത അദ്ദേഹം 2024 ഓഗസ്റ്റ് 14ന് പൂർണസമയ ഡയറക്റ്ററായി നിയമിതനായി.
2019 നവംബറിൽ സ്പെഷ്യൽ ഡയറക്റ്റർ ആയാണ് രാഹുൽ നവീൻ ഇഡിയിൽ ചേർന്നത്. ഇദ്ദേഹത്തിന്‍റെ കാലയളവിൽ റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ്, ഓൺലൈൻ മണി ഗെയിമിങ് കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ടതടക്കം നിരവധി ശ്രദ്ധേയമായ അന്വേഷണങ്ങൾ ഇഡി നടത്തുകയും ചെയ്തു.
ഐഐടി കാൺപൂരിൽ നിന്ന് ബി.ടെക്കും എം.ടെക്കും നേടിയ രാഹുൽ നവീൻ മെൽബണിലെ സ്വിൻബേൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര നികുതി അടക്കമുള്ള വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും മറ്റ് ലേഖനങ്ങളും എഴുതിയിട്ടുണ്ട്. രാഹുൽ നവീന് ആദായനികുതി വകുപ്പിൽ 30 വർഷത്തെ സേവനപാരമ്പര്യമുണ്ട്.