‌ കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡിയുടെ കുറ്റപത്രം

ദേശീയ പാർട്ടിയെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യം
ഇഡി
ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കുറ്റപത്രം സമർപ്പിച്ചു കെജ്‌രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടിയെയും ഇഡി പ്രതിചേർത്തു. അന്വേഷണ ഏജൻസിയുടെ ചരിത്രത്തിൽ ഇതാദ്യമാണ് ഒരു ദേശീയ പാർട്ടിയെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ)ത്തിലെ വിവിധ വകുപ്പുകളാണ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കെജ്‌രിവാളിനും എഎപിക്കുമെതിരേ ചുമത്തിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ മാർച്ച് 31ന് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയതിനാൽ നിലവിൽ ജയിൽമോചിതാണ് കെജ്‌രിവാൾ.

മദ്യനയ അഴിമതിക്കേസിൽ ഇതേവരെ 18 പേരെ അറസ്റ്റ് ചെയ്ത ഇഡിയുടെ എട്ടാം കുറ്റപത്രമാണിത്. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്‍റെ മകൾ കെ. കവിതയുൾപ്പെടെ അഞ്ചു പേർക്കെതിരേ കഴിഞ്ഞയാഴ്ച കുറ്റപത്രം നൽകിയിരുന്നു.

ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യ ആസൂത്രകനെന്നാണ് ഇഡി കെജ്‌രിവാളിനെതിരേ ആരോപിക്കുന്ന കുറ്റം. ഡൽഹി മന്ത്രിസഭാംഗങ്ങളോടും എഎപി നേതാക്കളോടും മറ്റു ചിലർക്കുമൊപ്പം കെജ്‌രിവാൾ തട്ടിപ്പിനു വേണ്ടി പ്രവർത്തിച്ചു. കെജ്‌രിവാൾ സപ്തനക്ഷത്ര ഹോട്ടലിൽ താമസിച്ചതിന്‍റെയും അവിടത്തെ ചെലവുകൾ കേസിലെ പ്രതി നൽകിയതിന്‍റെയുമുൾപ്പെടെ നേരിട്ടുള്ള തെളിവുകളുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. വിവാദമായ മദ്യനയത്തിന്‍റെ രൂപീകരണത്തിൽ കെജ്‌രിവാൾ നിർണായക പങ്കുവഹിച്ചെന്നും രാജു പറഞ്ഞു.

2021- 22ലേക്കു ഡൽഹി സർക്കാർ രൂപീകരിച്ച മദ്യനയമാണു വിവാദമായതും എഎപിക്ക് കുരുക്കായതും. ഡൽഹിയിലെ മദ്യ വിപണന രംഗത്ത് സ്വകാര്യ മേഖലയ്ക്ക് അവസരം നൽകാൻ നിർദേശിച്ച നയം വിവാദമായതോടെ പിൻവലിച്ചിരുന്നു. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുതിനു പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. അനധികൃത ഇടപാടിലൂടെ എഎപിക്ക് 100 കോടി രൂപ ലഭിച്ചെന്നും ഇതിൽ 43 കോടി രൂപ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു.

മദ്യനയ അഴിമതിക്കേസിൽ പ്രതിചേർത്തത് ആം ആദ്മി പാർട്ടിക്ക് രാഷ്‌ട്രീയമായി വലിയ പ്രഹരമാകും. പാർട്ടിയുടെ ആസ്തികളും ബാങ്ക് നിക്ഷേപങ്ങളുമെല്ലാം കണ്ടുകെട്ടാൻ ഇഡിക്കാകും.

ഡൽഹിയിലെ പാർട്ടി ആസ്ഥാനമുൾപ്പെടെ നഷ്ടപ്പെടാം. രാഷ്‌ട്രീയ പാർട്ടിയെന്ന നിലയിലുള്ള എഎപിയുടെ അംഗീകാരം റദ്ദാക്കാൻ ഇഡിക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാകും. പാർട്ടി ഭാരവാഹികളും കേസിൽ ഉത്തരവാദികളാകും.

രാജ്യസഭാംഗം സ്വാതി മലിവാളിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ മർദനമേറ്റതു സംബന്ധിച്ച വിവാദത്തിനിടെയാണ് പാർട്ടിയുടെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയാകുന്ന കേസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com