കന്നിയങ്കത്തിന് പ്രിയങ്ക‌; കോൺഗ്രസ് പ്രതീക്ഷകൾ വാനോളം

ജൂലൈ രണ്ടാം വാരം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട്ടിലേക്ക് എത്തിയേക്കും
പ്രിയങ്ക ഗാന്ധി
പ്രിയങ്ക ഗാന്ധി

വയനാട്: ‌ഒരു ദശാബ്ദത്തിലധികമായി രാജ്യത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മനസ്സിൽ കൊണ്ടു നടന്ന പ്രിയങ്ക ഗാന്ധി വാദ്‌രയുടെ രാഷ്ട്രീയ പ്രവേശനം എന്ന സ്വപ്നം യാഥാർഥ്യമാകുന്നത് വയനാട്ടിലൂടെ. റായ്ബറേലി നിലനിർത്തി രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട്ടിൽ പ്രിയങ്കയെ പിൻഗാമിയായി ഇറക്കാനുള്ള സുപ്രധാന തീരുമാനം കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപിച്ചത്. രാഹുലിന് നൽകിയ പരിഗണന വയനാട് തനിക്കും നൽകുമെന്നാണ് കരുതുന്നതെന്നും രാഹുലിന്‍റെ അസാന്നിദ്ധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. ജൂലൈ രണ്ടാം വാരം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

രാഹുൽ ഗാന്ധി ദേശീയ രാഷ്ട്രീയത്തിൽ പരാജയപ്പെട്ട ഘട്ടങ്ങളിലൊക്കെ പ്രിയങ്കയെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുറവിളി കോൺഗ്രസിൽ ഉയർന്നിരുന്നു. ലീഡർ കെ.കരുണാകരൻ അടക്കമുള്ളവർ ഇതിനായി സമ്മർദം ചെലുത്തിയിരുന്നു. ഇന്ദിരാഗാന്ധിയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രിയങ്ക പ‌ക്ഷെ സഹോദരൻ രാഹുലിന്‍റെ നിഴലായി മാത്രമാണ് രാഷ്ട്രീയവേദികളിലെത്തിയത്. പിന്നീട് കോൺഗ്രസിന്‍റെ പ്രചാരണ വേദികളിൽ സജീവമായിട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടാണ് ഇതുവരെ അവർ സ്വീകരിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലോ അമേഠിയിലോ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്‌തമായിരുന്നുവെങ്കിലും അവർ മാറി നിൽക്കുകയാണ് ചെയ്തത്. എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സഖ്യകക്ഷികളും നടത്തിയ മുന്നേറ്റമാണ് അവരെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. കോൺഗ്രസ് മുന്നേറ്റത്തിന്‍റെ തുടർച്ചയ്ക്ക് പ്രിയങ്കയുടെ സജീവ സാന്നിധ്യം ആവശ്യമാണെന്ന അഭിപ്രായത്തിന് കോൺഗ്രസ് നേതാക്കൾക്കിടയിൽ പൊതുസ്വീകാര്യത ലഭിച്ചു.

രാഹുൽ ഉത്തരേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ദക്ഷിണേന്ത്യയിൽ പുതിയ തരംഗം സൃ‌ഷ്ടിക്കാൻ പ്രിയങ്കയിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന പ്രിയങ്ക‌ സ‌ൃഷ്ടിക്കാൻ പോകുന്ന ആവേശം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് കേരള നേതൃത്വവും പ്രതീക്ഷിക്കുന്നു.

കോൺഗ്രസിന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ വയനാട്ടിൽ മത്സരിച്ച് പ്രിയങ്ക ലോക്സഭയിലേക്കെത്തുന്നത് പ്രതിപക്ഷത്തിന്‍റെ കരുത്തും ആവേശവും വർധിപ്പിക്കുമെന്നാണ് ഇന്ത്യാ സഖ്യവും പ്രതീക്ഷിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരിക്കും രാഹുൽ - പ്രിയങ്ക ദ്വയത്തിന്‍റെ പൊളിറ്റിക്കൽ സ്ട്രാറ്റജി. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സഖ്യകക്ഷി സർക്കാരിലെ ഘടകകക്ഷികളിൽ പോലും മനംമാറ്റം സൃഷ്ടിക്കാൻ പ്രിയങ്കയുടെ കടന്നുവരവ് സഹായിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.