സോളാർ വച്ചിട്ടും കറന്‍റ് ബിൽ കുറഞ്ഞില്ല; 25,265 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

45 ദിവസത്തിനകം പണം നൽകണമെന്നും ഉത്തരവിലുണ്ട്.
Electricity bill did not decrease despite installing solar panels; Consumer Commission orders payment of ₹25,265

സോളാർ വച്ചിട്ടും കറന്‍റ് ബിൽ കുറഞ്ഞില്ല; 25,265 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

Updated on

ന്യൂഡൽഹി: സോളാർ പാനൽ വച്ചിട്ടും ഗുണമില്ലെന്ന പരാതിയിൽ ഉപയോക്താവിന് 25,265 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സോളാർ ഇൻസ്റ്റലേഷൻ കമ്പനിയോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. ആന്ധ്രപ്രദേശിലെ വിഴിയനഗരത്തിലാണ് സംഭവം. വിഴിയനഗരം സ്വദേശിയായ ഇജ്ജഡ വിവേകാനന്തയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്. ആർ. വെങ്കട്ട നാഗ സുന്ദർ, ബി. ശ്രീദേവി, അശോക് കുമാർ ശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. 45 ദിവസത്തിനകം പണം നൽകണമെന്നും ഉത്തരവിലുണ്ട്.

2023 നവംബറിൽ 3.24 കിലോ വാൾട്ടിന്‍റെ റൂഫ് ടോപ് സോളാർ ആണ് വിവേകാനന്ദ വച്ചത്. ‌കേന്ദ്ര സർക്കാരിന്‍റെ പിഎം സൂര്യ ഗർ യോജന സ്കീം പ്രകാരമായിരുന്നു സോളാർ ഇൻസ്റ്റാൾ ചെയ്തത്. 2023 ഡിസംബറിലെ കരാർ പ്രകാരം വിവേകാനന്ദ 1,72,794 രൂപയുടെ വായ്പയെടുത്താണ് പദ്ധതിക്കായി നൽകിയത്. വായ്പ നൽകിയയാൾ പണം നേരിട്ട് കമ്പനിക്ക് നൽകുകയായിരുന്നു. പ്രതിമാസം ശരാശരി 376.59 യൂണിറ്റ് വൈദ്യുതി സോളാർഡ പാനൽ വഴി ഉത്പാദിപ്പിക്കാം എന്നായിരുന്നു ഇടപാടുകാരൻ ഉറപ്പു നൽകിയിരുന്നത്. പക്ഷേ 2024 മാർച്ചിൽ പാനൽ ഇൻസ്റ്റാൾ ചെയ്ത ശേഷം വളരെ കുറച്ച് വൈദ്യുതി മാത്രമാണ് സോളാർ പാനൽ വഴി ഉത്പാദിപ്പിക്കാൻ പറ്റിയത്. പല മാസങ്ങളിലും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കാൻ പറ്റിയിരുന്നില്ല. ഇലക്‌ട്രിസിറ്റി ബില്ലിൽ കുറവില്ലാത്തതു കാരണം വായ്പ തിരിച്ചടിക്കാൻ പറ്റാത്ത അവസ്ഥയായെന്ന് വിവേകാനന്ദ പറയുന്നു. നെറ്റ് മീറ്ററിങ്ങിനായി വിജയ് എന്നയാൾക്ക് 13,500 രൂപ നൽകിയിരുന്നുവെന്നും എന്നാൽ വെറും 2,771 രൂപയുടെ റെസീറ്റ് ആണ് ലഭിച്ചതെന്നും വിവേകാനന്ദ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല കമ്പനി ഇൻവോയ്സ് നൽകുന്നതിലും മുടക്കം വരുത്തി.

മാസത്തിൽ ഇത്ര യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന് യാതൊരു ഉറപ്പു നൽകിയിട്ടില്ലെന്നാണ് കമ്പനി വാദിച്ചത്. കാലാവസ്ഥ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ ബാധിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടി. എന്നാൽ ഇടപാടുകാരൻ നെറ്റ് മീറ്ററിങ്ങിന്‍റെ പേരിൽ കൂടുതൽ പണം ഈടാക്കിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഏജന്‍റിന്‍റെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം കമ്പനിക്കാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. നെറ്റ് മീറ്ററിങ്ങിന്‍റെ പേരിൽ അധികമായി വാങ്ങിയ 10,729 രൂപ, വൈദ്യുതി ഉത്പാദനത്തിൽ വന്ന കുറവിന്‍റെ പേരിൽ 4,536 രൂപ, മാനസിക ബുദ്ധിമുട്ട് വരുത്തിയതിനാൽ 5000 രൂപ, നിയമനടപടികളുടെ ഭാഗമായുള്ള ചെലവുകൾക്കായി 5000 രൂപ 9 ശതമാനം വാർഷിക പലിശ എന്നിങ്ങനെ ആകെ 25,265 രൂപ ഉപയോക്താവിന് നൽകണമെന്നാണ് ഉത്തരവ്.

logo
Metro Vaartha
www.metrovaartha.com