കുടിയൊഴിപ്പിക്കൽ ഇല്ലാതെ വൈദ്യുതി: ഉത്തരേന്ത്യക്ക് വെളിച്ചമേകാൻ ഹരിത പദ്ധതിയുമായി കശ്മീർ

വനഭൂമിയോ വീടുകളോ വെള്ളത്തിനടിയിലാകാത്ത, ആരെയും കുടിയൊഴിപ്പിക്കേണ്ടാത്ത അപൂർവ ഹരിത പദ്ധതിയാണിത്.
Electricity without displacement: Kashmir launches green project to light up North India

ഉറി ജലവൈദ്യുത പദ്ധതി പ്രദേശം.

Updated on

വി.കെ. സഞ്ജു

ബാരമുള്ള (ജമ്മു കശ്മീർ): ഉത്തരേന്ത്യയുടെ ഊർജ ദാതാവെന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം, ഹിമാലയൻ മേഖലയ്ക്ക് അനുയോജ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനു മാതൃക കാട്ടിക്കൊടുക്കുകയാണ് ജമ്മു കശ്മീർ. ഝലം നദിക്ക് കുറുകെ 240 മെഗാവാട്ട് ശേഷിയുള്ള 'ഉറി-1 രണ്ടാം ഘട്ടം' ജലവൈദ്യുത പദ്ധതി പ്രവർത്തനങ്ങൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎച്ച്‌പിസി ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. വനഭൂമിയോ വീടുകളോ വെള്ളത്തിനടിയിലാകാത്ത, ആരെയും കുടിയൊഴിപ്പിക്കേണ്ടാത്ത അപൂർവ ഹരിത പദ്ധതിയാണിത്.

ഏകദേശം 1,930 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 93.26 കോടി യൂണിറ്റ് ഹരിത വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഇവിടെ നിർമിക്കുന്ന വൈദ്യുതി നാഷണൽ ഗ്രിഡിലേക്ക് നൽകുന്നതിലൂടെ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ചണ്ഡിഗഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടാനും ഊർജ വിതരണം സുസ്ഥിരമാക്കാനും സാധിക്കും. ഒപ്പം ജമ്മു കശ്മീരിലെ പ്രാദേശിക ഗ്രിഡിന്‍റെ ശേഷിയും വർധിക്കും.

<div class="paragraphs"><p>ഉറി ജലവൈദ്യുത പദ്ധതി പ്രദേശം.</p></div>

ഉറി ജലവൈദ്യുത പദ്ധതി പ്രദേശം.

സുസ്ഥിര ഹിമാലയൻ ജലവൈദ്യുതി മാതൃക

വലിയ താഴ്‌വരകൾ വെള്ളത്തിനടിയിലാക്കുന്നതിനാലും ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്നതിനാലും ഹിമാലയൻ മേഖലയിലെ ജലവൈദ്യുത പദ്ധതികൾ പലപ്പോഴും വലിയ പരിസ്ഥിതി നാശത്തിനും ജനകീയ പ്രതിഷേധങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ, ഭൂഗർഭ റൺ-ഓഫ്-ദി-റിവർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉറി-1 രണ്ടാം ഘട്ടം ഇത്തരം പരിസ്ഥിതി പ്രശ്നങ്ങളെ തരണം ചെയ്യുന്നു:

ആരെയും കുടിയൊഴിപ്പിക്കേണ്ടതില്ല: നിയന്ത്രണ രേഖയ്ക്ക് സമീപം നിലവിലുള്ള 'ഉറി-1' ബാരേജ് തന്നെയാണ് വെള്ളം തിരിച്ചുവിടാൻ രണ്ടാം ഘട്ടത്തിലും ഉപയോഗിക്കുന്നത്. അതിനാൽ പുതിയ അണക്കെട്ടോ ജലസംഭരണിയോ ആവശ്യമില്ല. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നു മാത്രമല്ല, ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട ആവശ്യവുമില്ല.

ഭൂഗർഭ നിർമാണം: നദിയിൽ നിന്ന് തിരിച്ചുവിടുന്ന വെള്ളം താഴ്‌വരയ്ക്കു താഴെ നിർമിച്ച 10.5 കിലോമീറ്റർ നീളമുള്ള സമാന്തര തുരങ്കത്തിലൂടെ മലയ്ക്കുള്ളിലെ ഭൂഗർഭ പവർ ഹൗസിലേക്ക് എത്തിക്കും. ഇവിടെയുള്ള 120 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്റർ യൂണിറ്റുകളാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ജലപാതകളും ടർബൈനുകളും അടക്കമുള്ള പ്രധാന സംവിധാനങ്ങളെല്ലാം ഭൂമിക്കടിയിൽ നിർമിക്കുന്നതിനാൽ വനനശീകരണവും മണ്ണൊലിപ്പും പൂർണമായി ഒഴിവാക്കാൻ സാധിക്കും.

<div class="paragraphs"><p>ഉറി ജലവൈദ്യുത പദ്ധതി പ്രദേശം.</p></div>

ഉറി ജലവൈദ്യുത പദ്ധതി പ്രദേശം.

ലക്ഷ്യം 1,000 മെഗാവാട്ട്

സ്റ്റേജ്-2 പൂർത്തിയാകുന്നതോടെ ഝലം നദീതടത്തിൽ എൻഎച്ച്‌പിസി ലക്ഷ്യമിട്ട പതിറ്റാണ്ടുകൾ നീണ്ട മാസ്റ്റർ പ്ലാനാണ് യാഥാർഥ്യമാകുന്നത്. ഇതോടെ ഉറി കോംപ്ലക്സിന്‍റെ ആകെ ഉത്പാദന ശേഷി 1,000 മെഗാവാട്ടിനോട് അടുക്കും:

ഉറി-1 ഒന്നാം ഘട്ടം (480 മെഗാവാട്ട്): സ്വീഡിഷ് കമ്പനിയായ സ്‌കാൻസ്‌കയുടെ നേതൃത്വത്തിലുള്ള യൂറോപ്യൻ കൺസോർഷ്യവുമായി സഹകരിച്ച് 1997-ൽ കമ്മീഷൻ ചെയ്ത ഈ പദ്ധതി, അതിർത്തി മേഖലയിൽ മല തുരന്നുള്ള റൺ-ഓഫ്-ദി-റിവർ വൈദ്യുതി ഉത്പാദനം വിജയകരമായി നടപ്പിലാക്കി.

ഉറി-2 ജലവൈദ്യുത പദ്ധതി (240 മെഗാവാട്ട്)

2013-2014 കാലഘട്ടത്തിൽ നിയന്ത്രണ രേഖയ്ക്കു സമീപം താഴ്ഭാഗത്തായി നിർമിച്ച ഈ പദ്ധതി, 52 മീറ്റർ ഉയരമുള്ള കോൺക്രീറ്റ് ഗ്രാവിറ്റി ഡാം ഉപയോഗിച്ച് ഝലം നദിയുടെ ഒഴുക്ക് പരമാവധി പ്രയോജനപ്പെടുത്തി.

ഉറി-1 രണ്ടാം ഘട്ടം (240 മെഗാവാട്ട് വിപുലീകരണം)

ആദ്യ മാസ്റ്റർ പ്ലാനിൽ തന്നെ വിഭാവനം ചെയ്ത ഈ ഘട്ടം, പുതിയ ഡാമുകളോ റിസർവോയറുകളോ ഇല്ലാതെ ഉത്പാദനശേഷി വർധിപ്പിക്കുന്ന പദ്ധതിയാണ്.

നദിയിലെ വെള്ളം ഭൂമിക്കടിയിലൂടെ തിരിച്ചുവിട്ട് ദേശീയ ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്നതിലൂടെ, ഹിമാലയൻ പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിച്ചു കൊണ്ടുതന്നെ ഉത്തരേന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ജമ്മു കശ്മീരിന് സാധിക്കുമെന്ന് ഉറി-1 രണ്ടാം ഘട്ടം തെളിയിക്കുന്നു.

logo
Metro Vaartha
www.metrovaartha.com