മോദി-ട്രംപ് ഫോൺ സംഭാഷണത്തിൽ മസ്ക് പങ്കെടുത്തിട്ടില്ല; വ്യക്തത വരുത്തി വിദേശകാര്യമന്ത്രാലയം

ഇടക്കാലത്ത് ട്രംപുമായി പിണങ്ങിയ മസ്ക് വീണ്ടും ട്രംപുമായി സൗഹൃദത്തിലായെന്നും റിപ്പോർട്ടുകളുണ്ട്.
Elon Musk joined Trump-Modi phone call: Report

നരേന്ദ്ര മോദി, ഇലോൺ മസ്ക്, ഡോണൾഡ് ട്രംപ്

Updated on

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കെടുത്തെന്ന റിപ്പോർട്ടുകളെ തള്ളി കേന്ദ്ര സർക്കാർ. ഇറാനിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപ് മോദിയുമായി ഫോണിൽ സംഭാഷണം നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ട്രംപ് മോദിയുമായി സംസാരിക്കുന്നത്.

ഇരുവരും ഫലപ്രദമായ സംഭാഷണം നടത്തിയെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വെളിപ്പെടുത്തിയത്. എന്നാൽ സംഭാഷണത്തിൽ മസ്കും പങ്കാളിയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇടക്കാലത്ത് ട്രംപുമായി പിണങ്ങിയ മസ്ക് വീണ്ടും ട്രംപുമായി സൗഹൃദത്തിലായെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ മാർച്ച് 24നു നടത്തിയ ഫോൺ സംഭാഷണത്തിൽ മോദിയും ട്രംപും മാത്രമേ പങ്കാളികളായിരുന്നുള്ളൂ എന്നാണ് വിദേശ കാര്യമന്ത്രാലയം വക്താവ് പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളാണ് ഇരുവരും പങ്കു വച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു.

ട്രംപ് തന്നെ ഫോണിൽ വിളിച്ചെന്നും പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം പങ്കു വച്ചെന്നും മോദി വെളിപ്പെടുത്തിയിരുന്നു. എത്രയും പെട്ടെന്ന് സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കേണ്ടത് ലോകത്തിനു മുഴുവൻ ആവശ്യമാണെന്നും മോദി വ്യക്തമാക്കിയിരുന്നു. ഏപ്രിൽ ആറ് വരെ ഇറാനെതിരേ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.

logo
Metro Vaartha
www.metrovaartha.com