

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും
ന്യൂഡൽഹി: ബാങ്ക് ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന ആഴ്ചയിൽ അഞ്ച് ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞു കിടക്കും. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു മുൻപുള്ള രണ്ടു ദിവസങ്ങളിലൊന്ന് നാലാം ശനിയും ഒന്ന് ഞായറാഴ്ചയുമാണ്. അതു കൊണ്ട് തന്നെ സെപ്റ്റംബർ 2 മുതൽ 30 വരെ ഫലത്തിൽ ബാങ്ക് അടഞ്ഞു കിടക്കും.
സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഇടപാടുകൾ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കാൻ പ്രമുഖ ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബെഫി, എഐബിഇഎ, എഐബിഒസി തുടങ്ങി 7 യൂണിയനുകളുടെ സംയുക്തസംഘടനയായ യുഎഫ്ബിയുവാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസം ആക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
വിഷയത്തിൽ കേന്ദ്ര ലേബർ കമ്മിഷണറും യൂണിയനുകളുമായി വരുന്ന ഒക്റ്റോബർ 16ന് യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിലും തീരുമാനമായില്ലെങ്കിൽ ഒക്റ്റോബർ 26 മുതൽ അനിശ്ചിത കാല സമരം നടത്തുമെന്നാണ് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.