

ഇന്ധന വിതരണത്തിൽ നിയന്ത്രണവുമായി കേന്ദ്രം; അവശ്യസാധന നിയമം നടപ്പിലാക്കും
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ രാജ്യത്ത് അവശ്യ സാധന നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയുടെ വിതരണം തുല്യമായ നിലയിൽ ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ തടസം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്നുള്ള അഭ്യൂഹം ശക്തമാണ്. എന്നാൽ വേണ്ടത്ര ഇന്ധന ശേഖരം ഉണ്ടെന്നാണ് പെട്രോളിയം മന്ത്രാലയം ഉറപ്പു നൽകുന്നത്.
നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള നടപടികളെല്ലാം സ്വീകരിച്ചതായും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ഹർദീപ് പുരിയും സ്ഥിതിഗതികൾ വിലയിരുത്തി.
രാജ്യത്ത് വിതരണം ചെയ്യുന്നതിൽ 85 ശതമാനം എൽപിജിയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. ഇവയെല്ലാം ഹോർമുസ് കടലിടുക്ക് വഴി എത്തുന്നതാണെന്നതും പ്രധാനമാണ്. പുതിയ ടാങ്കറുകൾ വന്നില്ലെങ്കിൽ രണ്ടാഴ്ചത്തേക്കു കൂടിയുള്ള ശേഖരം മാത്രമേ ഇന്ത്യയിലുള്ളൂ എന്നും നിരീക്ഷകർ പറയുന്നു.