

എഥനോൾ കാരണം കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കൂടും; കിട്ടാക്കനിയായി ചോളം
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ എഥനോൾ നയം മൂലം ചോളത്തിന്‍റെയും കോഴിമുട്ടയുടെയും വില വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു വർഷത്തിനിടെ മുട്ടയുടെ വിലയിൽ വലിയ വർധനയാണുണ്ടായിട്ടുള്ളത്. ചോളത്തിന്‍റെ ലഭ്യത കുറഞ്ഞതാണ് മുട്ട വില കൂട്ടുന്നത്. കോഴിത്തീറ്റയിലെ പ്രധാന ഘടകമാണ് ചോളം. മുൻപ് രാജ്യത്ത് കൃഷി ചെയ്തിരുന്ന ചോളം ആഭ്യന്തര ആവശ്യങ്ങൾക്കു ശേഷം കയറ്റുമതി ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ പുറത്ത് നിന്ന് ചോളം ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്.
എഥനോൾ ഉത്പാദനത്തിനായി ചോളം ഉപയോഗിക്കുന്നതാണ് പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. 43.4 ദശലക്ഷം ടൺ ചോളമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. അതിൽ 17 ദശലക്ഷം ടൺ ചോളവും എഥനോൾ ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കും. നാല് വർഷത്തിനുള്ളിൽ ഇത് 25 ദശലക്ഷം ടൺ ആയി ഉയർന്നേക്കും. നിലവിൽ ടണ്ണിന് 26,500 രൂപയാണ് ചോളത്തിന്‍റെ വില.
അഞ്ച് മാസത്തിനിടെ മാത്രം 20 ശതമാനം വർധനയാണ് ചോള വിലയിൽ ഉണ്ടായത്. ഇപ്പോൽ 10 ലക്ഷം ടൺ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
കോഴിത്തീറ്റയിൽ അറുപതു ശതമാനവും ചോളമാണ്. അതു കൊണ്ട് തന്നെ ചോളത്തിന്‍റെ വില കൂടിയത് കോഴിത്തീറ്റയുടെ വിലയേയും ബാധിക്കും. സ്വാഭാവികമായും കോഴിയിറച്ചിയുടെയും കോഴിമുട്ടയുടെയും വില കൂടുമെന്ന് നിരീക്ഷകർ പറയുന്നു.