അഭിജീത് ദിപ്കെ
ലാത്തൂർ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ദേശീയ കൺവീനർ അഭിജീത് ദിപ്കെ. വിദ്യാർഥികൾക്ക് ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളാണ് മന്ത്രിമാരുടെ നായ്ക്കൾക്ക് പോലും ലഭിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച സിജെപി ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’ (സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുക) ക്യാംപയിന്‍റെ ഭാഗമായി വ്യാഴാഴ്ച ലാത്തൂരിലെ ഔസ താലൂക്കിലെ ഉജാനി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്കൂൾ അഭിജീത് സന്ദർശിച്ചു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്.
പല സർക്കാർ സ്കൂളുകളിലും ശരിയായ ക്ലാസ് മുറികൾ, ബെഞ്ചുകൾ, ശുചിമുറികൾ, എത്താനുള്ള സുരക്ഷിതമായ റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് അഭിജീത് പറഞ്ഞു. ചില സ്കൂളുകളിലെ വിദ്യാർഥികളോട് മൃഗങ്ങളേക്കാൾ മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അഭിജീത് ആരോപിച്ചു. “ഇത് വിദ്യാർഥികളുടെ ജീവന്‍റെ കാര്യമാണ്. വിദ്യാർഥികൾക്കായി രാഷ്ട്രീയ നേതാക്കൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ എന്തിനാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യുന്നത്? അവർ ഹെലികോപ്റ്ററിൽ യാത്ര ചെയ്യാനാണോ ജനങ്ങൾ വോട്ട് ചെയ്യുന്നത്? സ്വന്തം കുട്ടികൾ ഏത് സാഹചര്യത്തിലാണ് പഠിക്കുന്നതെന്ന് ജനങ്ങൾ കാണണം. ഈ സ്കൂളുകളേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളാണ് മന്ത്രിമാരുടെ നായ്ക്കൾക്ക് ലഭിക്കുന്നത്”- അഭിജീത് പറഞ്ഞു.
വിദ്യാഭ്യാസത്തിന് മുൻഗണന നൽകാൻ രാഷ്ട്രീയ പാർട്ടി നേതാക്കളിൽ സമ്മർദം ചെലുത്തണമെന്നും വോട്ട് തേടി വീടുകളിലെത്തുന്നതിന് മുൻപ് സ്കൂളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അഭിജീത് ആവശ്യപ്പെട്ടു. “നിങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്ന നേതാക്കളോട്, അവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും, ആദ്യം വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കാൻ പറയണം. വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്നതുവരെ വോട്ട് തേടി ഞങ്ങളുടെ വാതിൽക്കൽ വരേണ്ടതില്ലെന്ന് അവരോട് പറയണം. രാഷ്ട്രീയത്തിനായി ജാതിയുടെയും സമുദായത്തിന്‍റെയും കൊടികളുമായി നമ്മൾ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. അതുപോലെ നമ്മുടെ കുട്ടികളുടെ സ്കൂളുകൾക്കുവേണ്ടിയും നമ്മൾ ഒന്നിച്ച് രംഗത്തിറങ്ങണം”- അഭിജീത് പറഞ്ഞു.