

പ്രതാപ് സിംഹ
കൂർഗ്: മലയാളികൾ കർണാടകത്തിലെത്തി അവിടത്തെ സംസ്കാരം നശിപ്പിക്കുകയാണെന്ന് ബിജെപി നേതാവും മുൻ മൈസൂരു എംപിയുമായ പ്രതാപ് സിംഹ. ഗുണ്ടൽപേട്ടിന്റെ പകുതി ഭാഗവും മലയാളികൾ കൈയേറിയെന്ന് പറഞ്ഞ മുൻ എംപി കേരളത്തിൽ തെങ്ങും കായലും അല്ലാതെ മറ്റൊന്നുമില്ലെന്ന് കൂട്ടിച്ചേർത്തു. കുടകിൽ വച്ച് നടന്ന ഒരു ഹോക്കി ചാംപ്യൻഷിപ്പ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസംഗം.
കുടകിൽ മൊത്തം മലയാളികളുടെ തോന്നിവാസമാണ് നടക്കുന്നതെന്നാണ് ഇയാൾ പറയുന്നത്. മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറുനാട്ടിലെത്തിയാൽ അതുകാണില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ എംപിയുടെ പരാമർശത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഉയരുന്നത്.
വിവാദങ്ങളിൽ ഏർപ്പെടുന്നതിൽ പേരെടുത്തയാളാണ് പ്രതാപ് സിംഹ. കഴിഞ്ഞ വർഷം നടന്ന വിനായക ചതുർഥി ആഘോഷത്തിനിടെ സിഐയെ കൈയേറ്റം ചെയ്തതിനും ദളിത് വിരുദ്ധ പരാമർശം നടത്തിയതിനും ഇയാൾക്കെതിരേ കേസുകളുണ്ട്.