ദീപാവലിക്കു പിന്നാലെ കനത്ത പുകമഞ്ഞിൽ മൂടി ഡൽഹി

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. വായുനിലവാര സൂചിക (AQI) 'വളരെ മോശം' വിഭാഗത്തിൽ. വിശദാംശങ്ങൾ അറിയാം.
ദീപാവലിക്കു പിന്നാലെ കനത്ത പുകമഞ്ഞിൽ മൂടി ഡൽഹി

തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ നിന്നുള്ള കാഴ്ച.

Updated on: 

ന്യൂഡൽഹി: ദീപാവലി രാത്രിയിൽ നിരോധനം ലംഘിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി. നഗരത്തിന്‍റെ ആകാശത്ത് കനത്ത പുകമഞ്ഞ് രൂപപ്പെടുകയും റോഡുകളിൽ കാഴ്ചാപരിധി കുറയുകയും ചെയ്തു.

ജനങ്ങൾക്ക് കണ്ണെരിച്ചിലും തൊണ്ടവേദനയും അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ വായുനിലവാര സൂചിക (AQI) 370 ആയി രേഖപ്പെടുത്തി 'വളരെ മോശം' (very poor) വിഭാഗത്തിലാണ്. ദിനംപ്രതിയുള്ള അന്തരീക്ഷ സ്ഥിതി മോശമാകുന്നതിനാൽ വായുനിലവാരം കൂടുതൽ വഷളാകുമെന്നാണ് മുന്നറിയിപ്പ്.

ഡിടിയു (DTU), ബുരാരി ക്രോസിങ് എന്നീ നിരീക്ഷണ കേന്ദ്രങ്ങളിൽ എക്യൂഐ (AQI) 437 ആയി ഉയർന്നു. ബവാന, ജഹാംഗീർപുരി, സോണിയ വിഹാർ തുടങ്ങിയ വിവിധയിടങ്ങളിൽ വായുനിലവാരം 'ഗുരുതരാവസ്ഥിതിയിൽ' (severe) തുടരുന്നു.

സ്വിസ് പ്ലാറ്റ്‌ഫോമായ ഐക്യൂഎയർ (IQAir) കണക്കുകൾ പ്രകാരം ഡൽഹിയിലെ പിഎം 2.5 (PM2.5) സാന്ദ്രത ലോകാരോഗ്യ സംഘടനയുടെ (WHO) വാർഷിക മാർഗനിർദേശത്തേക്കാൾ 34 മടങ്ങ് കൂടുതലാണ്.

പ്രതികൂല കാലാവസ്ഥയും കാറ്റിന്‍റെ വേഗം കുറഞ്ഞതുമടക്കം മലിനീകരണം വ്യാപിക്കുന്നതിന് കാരണമാകുന്നുണ്ട്. അന്തരീക്ഷത്തിലെ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 10 കിലോമീറ്ററിലും താഴെയായതിനാൽ പുക പുറത്തേക്ക് പോകാൻ തടസങ്ങൾ നേരിടുന്നു. അടുത്ത ദിവസങ്ങളിലും ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരമായി തുടരുമെന്നാണ് പ്രവചനം.