അച്ഛൻ അസം മന്ത്രി; വിദ്യാർഥി പ്രക്ഷോഭത്തിൽ അണിചേർന്ന് മകൾ

ബിജെപിയുടെ നേതൃത്വത്തിലുള്ള അസം സർക്കാരിൽ റവന്യൂ മന്ത്രിയായ കേശബ് മഹന്തയുടെ മകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്
Dibisha Mahanta, daughter of Assam Revenue Minister Keshab Mahanta, is participating in the student protest.

അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷ മഹന്ത വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നു

Updated on

ഗുവാഹട്ടി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷ മഹന്ത. ഗുവാഹട്ടിയിലെ ചച്ചലിൽ നടന്ന പ്രതിഷേധത്തിലാണ് ദിബിഷ അണിചേർന്നത്. പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമെതിരേ ദിബിഷ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മറ്റു വിദ്യാർഥികൾക്കൊപ്പം പ്ലക്കാർഡുകളുമേന്തിയാണ് ദിബിഷ പ്രതിഷേധത്തിൽ പങ്കെടുത്തത്.

അസോം ഗണ പരിഷത്തിന്‍റെ ഏറ്റവും മുതിർന്ന രണ്ടാമത്തെ നേതാവാണ് ദിബിഷയുടെ അച്ഛനായ കേശബ് മഹന്ത. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ ഘടക കക്ഷിയാണ് അസോം ഗണ പരിഷത്ത്. 2016 മുതൽ ബിജെപി സർക്കാരിൽ മന്ത്രിയാണ് കേശബ്. ബിജെപിയുടെ കേന്ദ്ര മന്ത്രിക്കെതിരായ സമരത്തിൽ അസം സർക്കാരിലെ മുതിർന്ന മന്ത്രിമാരിലൊരാളായ കേശബ് മഹന്തയുടെ മകളുടെ സാന്നിധ്യം ശ്രദ്ധേയമാവുകയായിരുന്നു.

അതേസമയം പ്രതിഷേധിക്കാനുള്ള വിദ്യാർഥികളുടെ അവകാശത്തെ സർക്കാർ ബഹുമാനിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അവരുടെ ആവശ്യങ്ങളെയും വാദങ്ങളെയും തങ്ങൾ ബഹുമാനിക്കുന്നു. പ്രശ്നം പ്രധാനമന്ത്രി സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com