യുഎസുമായി വ്യാപാരക്കരാർ മെച്ചപ്പെട്ട പരിഗണന നൽകിയാൽ മാത്രം: കേന്ദ്രമന്ത്രി ഗോയൽ

ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരേ യുഎസ് ഉപരോധ ഭീഷണി ചുമത്തുന്ന പശ്ചാത്തലത്തിലാണു ഗോയലിന്‍റെ നിലപാട്
Union Minister Goyal

കേന്ദ്രമന്ത്രി ഗോയൽ

Updated on

ന്യൂഡൽഹി: വ്യാപാരരംഗത്ത് ഇന്ത്യയോടു മത്സരിക്കുന്ന രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട പരിഗണന യുഎസ് നൽകിയാൽ മാത്രമേ അവരുമായി സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) പ്രഖ്യാപിക്കൂ എന്നു വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. എഫ്ടിഎ സംബന്ധിച്ച് ഡൽഹിയിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയും യുഎസുമായി എഫ്ടിഎ അന്തിമ ഘട്ടത്തിലാണെന്നും തത്വത്തിൽ പൂർത്തീകരിച്ചെന്നു പറയാമെന്നും ഡൽഹിയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അവകാശപ്പെട്ടിരുന്നു.

എന്നാൽ, വിപണിയിൽ നമ്മോടു മത്സരിക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുഎസ് നമുക്ക് മുൻഗണനാ നിരക്ക് നൽകാൻ തയാറാകുമ്പോൾ മാത്രമേ ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമ രൂപം നൽകൂ എന്നു ഗോയൽ പറഞ്ഞു. അങ്ങനെ വരുമ്പോൾ മാത്രം വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം.

ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരേ യുഎസ് ഉപരോധ ഭീഷണി ചുമത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണു ഗോയൽ നിലപാട് വ്യക്തമാക്കിയത്. കരാർ ചട്ടക്കൂടിന്‍റെ ആദ്യ ഘട്ടം അന്തിമ രൂപത്തിലെത്തിയെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസ് സുപ്രീം കോടതി വിധിയെത്തുടർന്ന് അമെരിക്കയിൽ നികുതി നിരക്കുകളിലുണ്ടായ മാറ്റം കരാർ ചർച്ചകൾ വീണ്ടും നീളാനിടയാക്കി. ഇന്ത്യയടക്കം രാജ്യങ്ങൾക്ക് കഴിഞ്ഞ ജൂലൈ 24 മുതൽ യുഎസ് 10 ശതമാനം അധിക നികുതി ചുമത്തിയിരുന്നു.

60 ട്രില്യൺ യുഎസ് ഡോളർ ജിഡിപിയെ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക ശക്തികളെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഒമ്പത് സ്വതന്ത്ര വ്യാപാര കരാറുകൾ ആഗോള വ്യാപാരത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗത്തിലേക്കും മുൻഗണനാടിസ്ഥാനത്തിലുള്ള പ്രവേശനം നൽകുമെന്നും ഗോയൽ. ഈ ആനുകൂല്യങ്ങളിൽ നിന്നു പരമാവധി നേട്ടമുണ്ടാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

logo
Metro Vaartha
www.metrovaartha.com