
ചെന്നൈ: പുതുച്ചേരിയിലും തമിഴ്നാട്ടിലും അതിതീവ്ര മഴയോടെ ആഞ്ഞടിച്ചതിനു പിന്നാലെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ദുർബലമാകുന്നു. എങ്കിലും കനത്ത മഴ തുടരുകയാണ്.റെക്കോഡ് മഴയാണ് ഞായറാഴ്ച പുതുച്ചേരിയിൽ പെയ്തത്. സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തായി എത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ സ്കൂളുകളിലും കോളെജുകളിലും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്, വടക്കു പടിഞ്ഞാറു ദിശയിലേക്ക് സഞ്ചരിക്കുന്ന ഫെയ്ഞ്ചൽ ഡിസംബർ മൂന്നോടെ കേരള, കർണാടക തീരം തൊട്ട് ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം.
തമിഴ്നാട്ടിലെ വില്ലുപുരം, കുഡല്ലൂർ , റാണിപെട് ജില്ലകളിലെ ചില സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവണ്ണാമലയിലെ ഉരുൾപൊട്ടലിൽ കുട്ടികളടക്കം 7 പേരെ കാണാതായി. ഇവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് 10 ട്രെയിനുകൾ റദ്ദാക്കി.
10 ട്രെയിനുകൾ വഴി തിരിച്ചു വിട്ടിട്ടുമുണ്ട്. തമിഴ്നാട്ടിലെ 9 ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. അതേ സമയം തമിഴ്നാട്ടിലെ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. ചെന്നൈ, കൊയമ്പത്തൂർ ജില്ലകളിൽ യെലോ അലർട്ട് മാത്രമാണ് നില നിൽക്കുന്നത്.