

ലൈറ്ററിന്‍റെ പേരിൽ കലഹം; കാർ മരത്തിലിടിപ്പിച്ച് സുഹൃത്തിനെ കൊന്ന ഐടി ജീവനക്കാരൻ അറസ്റ്റിൽ
ബംഗളൂരു: ലൈറ്ററിന്‍റെ പേരിൽ തുടങ്ങിയ കലഹത്തിനൊടുവിൽ സുഹൃത്തിനെ കാർ മരത്തിലിടിപ്പിച്ച കൊന്ന ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. 33 കാരനായ പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്. കേസിൽ ഉഡുപ്പി സ്വദേശിയായ റോഷൻ ഹെഗ്ഡെ(37) അറസ്റ്റിലായി. ഇലക്‌ട്രോണിക്സ് സിറ്റിക്കു പുറകിലുള്ള മാളിൽ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. അതിനു ശേഷം രണ്ടു പേരും ബിയർ കുടിച്ചതായും സുഹൃത്തുക്കൾ പറയുന്നു. ഒരു സിഗരറ്റ് ലൈറ്ററിനെ ചൊല്ലി അപ്രതീക്ഷിതമായാണ് ഇരുവരും തമ്മിൽ കലഹമുണ്ടായത്. വാക്കു തർക്കത്തിനിടെ ഇരുവരും പരസ്പരം ദേഹോപദ്രവം ഏൽപ്പിച്ചു.
ബിയർ ബോട്ടിലുകൾ കൊണ്ടു ആക്രമിച്ചു. നാവിൽ മുറിവേറ്റ ഹെഗ്ഡെ ഉടൻ തന്നെ തന്‍റെ ടാറ്റ സഫാരിയുമെടുത്ത് പോകാൻ തുടങ്ങിയപ്പോൾ പ്രശാന്ത് പുറകെ ചെന്ന് കാറിന്‍റെ ഫൂട്ട് റെസ്റ്റിൽ കയറി നിന്ന് വാക്കുതർക്കം തുടർന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രകോപിതനായ ഹെഗ്ഡെ കാറിന്‍റെ വേഗം വർധിപ്പിക്കുകയും പ്രശാന്തിനെ കൊല്ലാൻ വേണ്ടി തന്നെ വഴിയരികിലെ മരത്തിലും പിന്നെ മതിലിലും കാർ ഇടിപ്പിക്കുകയുമായിരുന്നു.
ഈ ദൃശ്യങ്ങളെല്ലാം കാറിന്‍റെ ഡാഷ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തലയിലും നെഞ്ചിലും ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് ഉടൻ തന്നെ മരിച്ചു. നിലവിൽ കൊലപാതകക്കുറ്റം ചുമത്തിയാണ് ഹെഗ്ഡെയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കാറും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷമണം തുടരുകയാണ്.