ഒടുവിൽ കൂടിക്കാഴ്ചയ്ക്ക് അനുമതി; ഇന്ത്യാ സഖ്യം വെള്ളിയാഴ്ച രാത്രി എട്ടിന് രാഷ്ട്രപതിയെ കാണും

വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു

Sit-in protest held by opposition leaders at Rajghat (File photo)

പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ രാജ്ഘട്ടിൽ നടത്തിയ ധർണ (ഫയൽ ചിത്രം)

Updated on: 

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ വെള്ളിയാഴ്ച രാത്രി എട്ടിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും. വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ പ്രതിപക്ഷ സംഘത്തിലുണ്ടാകും.

വൈകിട്ട് അഞ്ചിന് പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ നേതാക്കൾ ആദ്യം യോഗം ചേരും. തുടർന്ന് ‘വോട്ട് മോഷണ’ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം നടത്താനും സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്.

രാഷ്ട്രപതിയെ കാണാൻ അനുമതി തേടി ഒക്റ്റോബർ രണ്ടിനാണ് പ്രതിപക്ഷ നേതാക്കൾ അപേക്ഷ നൽകിയത്. തുടർന്ന് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകൾ രാഷ്ട്രപതി ഭവൻ ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച മഹാത്മാ ഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിൽ ഇന്ത്യാ സഖ്യ നേതാക്കൾ ധർണ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എന്നിവർ ക്രിമിനൽ ഗൂഢാലോചനയിലൂടെ രാജ്യത്തെ ‘തട്ടിയെടുക്കുകയാണെന്ന്’ നേതാക്കൾ ആരോപിച്ചു. ‘വോട്ട് മോഷണ’ത്തിനെതിരായ സമരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കുന്നതുവരെ തുടരുമെന്നും അവർ പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ശക്തമായ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നിരവധി നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാജ്ഘട്ടിലെത്തിയ പ്രതിപക്ഷ നേതാക്കൾ പുഷ്പാർച്ചന നടത്തുകയും ബിജെപി സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും വിവേകം ലഭിക്കണമെന്ന് പ്രാർഥിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com