

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ
ചെന്നൈ: ജനന നിരക്ക് വർധിപ്പിക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ആന്ധ്ര പ്രദേശിലെ എൻഡിഎ സർക്കാരിനെ പിന്തുടരാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മൂന്നാമത്തെ കുട്ടിയെ പ്രസവിക്കുന്നവർക്കു ധനസഹായം നൽകാനാണു വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന്‍റെ ആലോചന. ഇക്കാര്യം ചർച്ച ചെയ്തുവരികയാണെന്നു സംസ്ഥാന ആരോഗ്യ മന്ത്രി കെ.ജി. അരുണ്‍രാജ്.
ജനന നിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതുമാണ് തമിഴ്‌നാട് നേരിടുന്ന വെല്ലുവിളി. സമൂഹത്തിന്‍റെ ആരോഗ്യകരമായ ജനന നിരക്ക് 2.1 ശതമാനമാണ്. എന്നാല്‍, തമിഴ്‌നാട്ടില്‍ ഇത് 1.4 ശതമാനത്തിൽ താഴെയാണെന്ന് ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കര്‍ സൊസൈറ്റി ഒഫ് സൗത്ത് ഇന്ത്യയുടെ ശില്‍പ്പശാലയിൽ മന്ത്രി ചൂണ്ടിക്കാട്ടി. തമിഴകത്ത് ജനസംഖ്യയുടെ 16 ശതമാനവും അറുപതിനു മുകളിൽ പ്രായമുള്ളവരാണ്. തമിഴ്‌നാട്ടില്‍ 99 ശതമാനം പ്രസവവും ആശുപത്രികളിലാണെന്നും മന്ത്രി പറഞ്ഞു.
ആന്ധ്രപ്രദേശിൽ മൂന്നാമത്തെ കുട്ടിയുണ്ടായാൽ 30000 രൂപയും നാലാമത്തെ കുട്ടിക്ക് 40000 രൂപയും സർക്കാർ സഹായം ലഭിക്കും. കൂടാതെ മൂന്നാമത്തെ കുട്ടിക്ക് പോഷകാഹാരവും 18 വയസുവരെ സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസവും ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനു പുറമേ ഐവിഎഫ് അടക്കം വന്ധ്യതാ ചികിത്സയ്ക്ക് സർക്കാർ സബ്സിഡിയും പ്രഖ്യാപിച്ചു.