മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ കാർ കഴുകിക്കൊടുത്ത് ഫയർഫോഴ്സ്; വിവാദം കൊഴുക്കുന്നു

എംഎൽഎയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ മുനിസിപ്പൽ കോർപറേഷൻ ജീവനക്കാർ ഫയർഫോഴ്സ് വാഹനവുമായി എത്തി കാറിൽ ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്
Visuals of the MLA's car being washed using Fire Force equipment

എംഎൽഎയുടെ കാർ ഫയർഫോഴ്സിനെ ഉപയോഗിച്ച് കഴുകുന്ന ദൃശ്യം

Updated on

സിംഗ്രൗലി: മധ്യപ്രദേശിലെ സിംഗ്രൗലിയിൽ ബിജെപി എംഎൽഎ രാംനിവാസ് ഷായുടെ ഇന്നോവ കാർ ഫയർഫോഴ്സ് വാഹനത്തിലെ വെള്ളം ഉപയോഗിച്ച് കഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം. എംഎൽഎയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ മുനിസിപ്പൽ കോർപറേഷൻ ജീവനക്കാർ ഫയർഫോഴ്സ് വാഹനവുമായി എത്തി കാറിൽ ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോ പുറത്തുവന്നതോടെ അടിയന്തര സേവനത്തിനുള്ള ഫയർഫോഴ്സ് വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന ചോദ്യമാണ് ഉയർന്നത്. സർക്കാർ സംവിധാനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി. അതേസമയം സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സിംഗ്രൗലി മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ സവിത പ്രധാൻ പ്രതികരിച്ചു.

മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമങ് സിംഗാർ സംഭവത്തിൽ ബിജെപി എംഎൽഎയെ രൂക്ഷമായി വിമർശിച്ചു. സാധാരണക്കാരുടെ വീടുകളിൽ തീപിടിക്കുമ്പോൾ സമയത്ത് എത്താൻ ഫയർഫോഴ്സിന് കഴിയാത്ത സാഹചര്യമുണ്ടാകുമ്പോൾ, സിംഗ്രൗലിയിൽ ബിജെപി എംഎൽഎ ഫയർഫോഴ്സിനെ സ്വന്തം കാർ കഴുകാനുള്ള സംവിധാനമാക്കിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

സംഭവം വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രാംനിവാസ് ഷാ രംഗത്തെത്തി. തനിക്കെതിരേ ഉയർന്ന ആരോപണം രാംനിവാസ് ഷാ നിഷേധിച്ചു. “ഒരു എംഎൽഎ സ്വന്തം കാർ കഴുകുമോ?” എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സംഭവം നടക്കുമ്പോൾ താൻ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭോപ്പാലിൽനിന്ന് മടങ്ങിയശേഷം സൈക്കിൾ വിതരണ പരിപാടി അടക്കമുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു താനെന്ന് ഷാ പറഞ്ഞു. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡ്രൈവറോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഫയർഫോഴ്സ് വാഹനം അവിടെ എത്തിയതിന് മറ്റൊരു കാരണമുണ്ടാകാമെന്നും എംഎൽഎ സൂചിപ്പിച്ചു. മുനിസിപ്പൽ കോർപറേഷൻ ടാങ്കിൽനിന്ന് മുകളിലെ നിലകളിലേക്ക് വെള്ളം എത്താത്തതിനാൽ ഉദ്യോഗസ്ഥരുടെ വസതികളിലേക്ക് വെള്ളമെത്തിക്കാൻ വാഹനം ഉപയോഗിച്ചിരിക്കാമെന്നാണ് താൻ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com