

സൽമാൻ ഖാൻ, അൻമോൽ ബിഷ്ണോയി
മുംബൈ: 2024ൽ ബോളിവുഡ് താരം സൽമാന്‍ ഖാന്‍റെ ബാന്ദ്രയിലുള്ള വസതിക്ക് പുറത്ത് വെടിയുതിർത്ത കേസിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് ആവശ‍്യപ്പെട്ട് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും കൂട്ടാളിയും കൊടും ക്രിമിനലുമായ അൻമോൽ ബിഷ്ണോയി കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഡൽഹിയിലെ പ്രത‍്യേക കോടതിയിലാണ് അൻമോൽ അപേക്ഷ നൽകിയത്. കഴിഞ്ഞ വർഷം യുഎസിൽ നിന്നും നാടുകടത്തിയതിനെത്തുടർന്ന് അൻമോൽ ബിഷ്ണോയിയെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
നിരവധി കേസുകളിൽ പൊലീസ് തെരയുന്നയാളാണ് അൻമോൽ ബിഷ്ണോയി. നിലവിൽ താൻ നിയമത്തിന്‍റെ നിയന്ത്രണത്തിലാണെന്നും അതിനാൽ കോടതിയുടെ ഉത്തരവില്ലാതെ കോടതിയിൽ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്നും അൻമോലിന്‍റെ അപേക്ഷയിൽ പറയുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിചാരണ നേരിടുന്നതിനും ജുഡീഷ‍്യൽ നടപടികളുടെ ഭാഗമാകുന്നതിനും കോടതിക്കു മുൻപിൽ സ്വമേധയാ ഹാജരാകാൻ താൻ ഉദ്ദേശിക്കുന്നുവെന്ന് ഡൽഹിയിലെ പ്രത‍്യേക മക്കോക്ക കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അൻമോൽ വ‍്യക്തമാക്കി.
തിഹാർ ജയിലിൽ ഹാജരാകുന്നതിന് പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിക്കാനും അൻമോൽ ആവശ‍്യപ്പെട്ടിട്ടുണ്ട്. കേസിൽ വിചാരണ ആരംഭിച്ചതായും അൻമോലിന്‍റെ അഭാവത്തിൽ മൂന്ന് സാക്ഷികളെ വിസ്തരിച്ചുവെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
2024 ഏപ്രിൽ 14ന് രാവിലെയായിരുന്നു സൽമാൻ ഖാന്‍റെ ഗാലക്സി അപ്പാർട്ട്മെന്‍റിന് പുറത്ത് വെടിവയ്പ്പ് നടന്നത്. ബൈക്കിലെത്തിയ വിക്കി ഗുപ്ത, സാഗർ പാൽ, എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. വിക്കി ഗുപ്ത, സാഗർ പാൽ, സോനുകുമാർ ബിഷ്ണോയി, മുഹമ്മദ് റഫീഖ് ചൗധരി, ഹർപാൽ സിങ് എന്നിവർ നിലവിൽ ജുഡീഷ‍്യൽ കസ്റ്റഡിയിലാണ്. കേസിലെ മറ്റൊരു പ്രതിയായ അനുജ്കുമാർ താപ്പൻ പൊലീസ് കസ്റ്റഡിയിലിരിക്കെ ജീവനൊടുക്കിയിരുന്നു.