

ലണ്ടനിലെ തേംസ് നദിക്കരയിൽ നടന്ന ഗംഗാ ആരതി
ലണ്ടൻ: യുകെയിലെ ലണ്ടനിലുള്ള തേംസ് നദിക്കരയിൽ ആദ്യമായി ഗംഗാ ആരതി നടന്നു. ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പേരാണ് തേംസ് നദിക്കരയിൽ ഒത്തുകൂടിയത്.
ചിൻമയ മിഷൻ യുകെയും ‘ടോട്ടലി തേംസ്’ ഫെസ്റ്റിവലും സംയുക്തമായാണ് ‘ഗംഗാ ആരതി ഓൺ ദ തേംസ്: എ സെറിമണി ഓഫ് ലൈറ്റ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ചിൻമയ മിഷന്‍റെ 75 വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു പരിപാടി. ഇന്ത്യയിലെ ലോകപ്രശസ്ത ഗംഗാ ആരതിയുടെ അന്തരീക്ഷം പുനഃസൃഷ്ടിച്ചുകൊണ്ടായിരുന്നു ലണ്ടനിലെ ചടങ്ങ്.
“തലമുറകളായി സമൂഹങ്ങൾ ഗംഗയുടെ തീരത്ത് നദിയോടും പ്രകൃതിയോടും ജീവിതത്തെ നിലനിർത്തുന്ന എല്ലാത്തിനോടുമുള്ള നന്ദി പ്രകടിപ്പിക്കാൻ ദീപം തെളിയിച്ച് ഒത്തുചേരുന്നു. തേംസിലെ ഗംഗാ ആരതിയും അതേ ആത്മാവാണ് പങ്കുവയ്ക്കുന്നത്. നന്ദിയുടെയും പ്രതീക്ഷയുടെയും ഐക്യത്തിന്‍റെയും ഒരു പൊതുനിമിഷത്തിലേക്ക് ആളുകളെ ഒരുമിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്”- ചിൻമയ മിഷൻ യുകെയിലെ ബ്രഹ്മചാരിണി ശ്രീപ്രിയ ചൈതന്യ പറഞ്ഞു.
തേംസിലെ ഗംഗാ ആരതി പൂർണമായും കരയിലാണ് നടന്നത്. ചടങ്ങിന്‍റെ ഭാഗമായി ഒന്നും തേംസ് നദിയിൽ സ്ഥാപിക്കുകയോ ഒഴിക്കുകയോ നിക്ഷേപിക്കുകയോ ചെയ്തില്ലെന്ന് ചിൻമയ മിഷൻ അറിയിച്ചു. ചടങ്ങിനുപയോഗിച്ച വിളക്കുകൾ നദിയിലേക്ക് ഒഴുക്കാതെ തീരത്ത് തന്നെ സൂക്ഷിച്ചു. തേംസിന്‍റെ സ്വാഭാവിക അന്തരീക്ഷത്തിന് തടസമുണ്ടാകാതിരിക്കാനായിരുന്നു ഈ നടപടി.
സംഗീതത്തിന്‍റെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെയായിരുന്നു ചടങ്ങ്. യുകെയിലെ വിവിധ ഹിന്ദു സംഘടനകളുടെയും സമൂഹങ്ങളുടെയും പ്രതിനിധികളും മുതിർന്ന ആത്മീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.