മാറുമോ, തമിഴക രാഷ്‌ട്രീയം| ഫിഷ് ഐ

തമിഴ്നാടും കേരളവും അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പല തവണ മോദി പ്രചാരണത്തിനു വരുന്നുണ്ട്.
മാറുമോ, തമിഴക രാഷ്‌ട്രീയം| ഫിഷ് ഐ

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം വോട്ടെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചുകഴിഞ്ഞു. പതിനേഴു സംസ്ഥാനങ്ങളിലും നാലു കേന്ദ്ര‌ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19ന് ആദ്യ ഘട്ടത്തിൽ പോളിങ് നടക്കുന്നത്. ഈ മാസം മുപ്പതിനു പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞാൽ ഈ മണ്ഡലങ്ങളിൽ പ്രചാരണച്ചൂട് മൂർധന്യത്തിലെത്തും. തമിഴ്നാട്ടിലെ മുപ്പത്തൊമ്പതു മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലും പത്തൊമ്പതിനു വോട്ടെട്ടുപ്പു നടക്കുകയാണ്. ലക്ഷദ്വീപിലും അന്നാണു വോട്ടെടുപ്പ്. അയൽവക്കത്തുള്ള ജനവിധി എന്താവുമെന്നത് ഏറെ താത്പര്യത്തോടെയാണു മലയാളികളും ഉറ്റുനോക്കുന്നത്.

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ഡിഎംകെയും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിനിടെ എടപ്പാടിയുടെ അണ്ണാ ഡിഎംകെ പിന്നിലായിപ്പോവുമോ എന്നത് രാഷ്‌ട്രീയ താത്പര്യമേറെയുള്ള വിഷയമാണ്. ഏറെ വർഷങ്ങളായി ദ്രാവിഡ പാർട്ടികൾ തമ്മിലാണ് തമിഴകത്തെ പോരാട്ടം നടക്കാറുള്ളത്. ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും ചേരികളിലായി ദേശീയ പാർട്ടികൾ അടക്കം അണിനിരന്നുള്ള മത്സരമാണു മുഖ്യമായും കാണുക. അണ്ണാ ഡിഎംകെയുമായുള്ള സഖ്യം വേർപെട്ട് സ്വയം ശക്തി തെളിയിക്കാൻ ഇറങ്ങിയിരിക്കുന്ന ബിജെപിക്ക് പതിവിലും മികച്ച പ്രകടനം ഇക്കുറി കാഴ്ചവയ്ക്കാനാവുമെന്നു കരുതുന്നവരുണ്ട്. ഇക്കുറി മൊത്തം സീറ്റുകൾ 400 കടക്കുക എന്ന ലക്ഷ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണുവച്ചിരിക്കുന്ന പ്രധാന സംസ്ഥാനവും തമിഴ്നാടാണ്. തമിഴ്നാടും കേരളവും അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പല തവണ മോദി പ്രചാരണത്തിനു വരുന്നുണ്ട്.

ബിജെപിക്കെതിരേ കേന്ദ്രത്തിൽ ബദൽ സർക്കാരുണ്ടാക്കാൻ "ഇന്ത്യ' മുന്നണിക്കു മാത്രമേ കഴിയൂ. അതിന് ഡിഎംകെയെയും കോൺഗ്രസ് അടക്കം മുന്നണി കക്ഷികളെയും ജയിപ്പിക്കണമെന്നാണ് സ്റ്റാലിൻ ജനങ്ങളോട് അഭ്യർഥിക്കുന്നത്. അങ്ങനെ വരുമ്പോൾ ബിജെപി സർക്കാരിനോട് എതിർപ്പുള്ളവരുടെ വോട്ടുകൾ അണ്ണാ ഡിഎംകെയ്ക്കു ലഭിക്കില്ല. കേന്ദ്രത്തിൽ മൂന്നാം തവണയും മോദി തന്നെ വരുമെന്നു കരുതുന്നവരാണു കൂടുതലും. അങ്ങനെയെങ്കിൽ ബിജെപി മുന്നണിക്കു വോട്ടു ചെയ്യുന്നതല്ലേ നല്ലത് എന്ന ചോദ്യം ഉയരുന്നുണ്ട്. ബിജെപിക്കു വോട്ട് കൂടാനുള്ള സാധ്യതയും ഇതിലാണുള്ളത്. പ്രമുഖ ദ്രാവിഡ കക്ഷികളുടെ അഴിമതി അടക്കം ശക്തമായ വിഷയങ്ങൾ ബിജെപി ഉയർത്തുന്നുമുണ്ട്. ദേശീയ തലത്തിൽ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് കോൺഗ്രസിന് എന്നതും ബിജെപിയുടെ വാദമാണ്.

ജയലളിതയ്ക്കു ശേഷം കരുത്തുറ്റ നേതൃത്വമില്ലാത്തത് അണ്ണാ ഡിഎംകെയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കേന്ദ്രത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷയില്ലാത്തവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തിനു ജയിപ്പിക്കുന്നു എന്ന ചോദ്യം എടപ്പാടിയും കൂട്ടരും നേരിടേണ്ടിവരുന്നുണ്ട്. അണ്ണാ ഡിഎംകെയ്ക്കു വോട്ടു ചെയ്താൽ അതു തമിഴ്നാടിന് ഒരു ഗുണവും ചെയ്യില്ല എന്ന പ്രചാരണം ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാനിരിക്കുകയാണ്. സംസ്ഥാനത്തു നിന്ന് കൂടുതൽ ബിജെപി എംപിമാരുണ്ടായാൽ കേന്ദ്രഭരണത്തിൽ കൂടുതൽ സ്വാധീനം തമിഴ്നാടിനു കിട്ടുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാണ്. സംസ്ഥാന ബിജെപി പ്രസിഡന്‍റ് കെ. അണ്ണാമലൈയുടെ സംസ്ഥാന വ്യാപകമായ ""എൻ മണ്ണ്, എൻ മക്കൾ'' എന്ന പദയാത്ര വലിയ ജനപിന്തുണ ആർജിച്ചിരുന്നു. ഇതും ബിജെപി പ്രതീക്ഷയോടെ കാണുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 5 ശതമാനത്തിൽ താഴെയായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഇക്കുറി 15 ശതമാനത്തിനു മുകളിലാവുമെന്നു പ്രവചിക്കുന്ന വിദഗ്ധരുണ്ട്. വടക്കൻ തമിഴ്നാട്ടിൽ സ്വാധീന ശക്തിയായ പിഎംകെ പോലുള്ള സഖ്യകക്ഷികളുടെ വോട്ടു കൂടിയാവുമ്പോൾ അവർക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളുമുണ്ട്. അണ്ണാമലൈ സൃഷ്ടിച്ച ആ‍ൾക്കൂട്ടങ്ങൾ വോട്ടായി മാറുമോ എന്നതാണു തമിഴക രാഷ്‌ട്രീയം ഉറ്റുനോക്കുന്നത്. ദീർഘകാലത്തെ ദ്രവീഡിയൻ ഭരണം മടുത്തുകഴിഞ്ഞ തമിഴ്നാട്ടുകാർ മാറ്റത്തിനു കാത്തിരിക്കുന്നുവെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.

പിടിച്ചുനിൽക്കുക എന്നതാണ് പളനിസ്വാമിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. 2014ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിൽ ഒറ്റയ്ക്കു മത്സരിച്ച് തമിഴകം തൂത്തുവാരിയതാണ് അണ്ണാ ഡിഎംകെ. മുപ്പത്തൊമ്പതിൽ മുപ്പത്തേഴു സീറ്റും അവർക്കായിരുന്നു. ബിജെപിയും പിഎംകെയും അന്നും ഒന്നിച്ചാണു മത്സരിച്ചത്. രണ്ടു പാർട്ടികൾക്കും ഓരോ സീറ്റ് കിട്ടി. കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണനും ധർമപുരിയിൽ അൻപുമണി രാംദോസും വിജയിച്ചു. അന്ന് ബിജെപിയുടെ വോട്ട് വിഹിതം 5.5 ശതമാനമായിരുന്നു. സീറ്റ് നിലയിൽ ഡിഎംകെ വട്ടപ്പൂജ്യമായി. ജയലളിതയുടെ കാലത്തെ സ്വപ്നതുല്യമായ ഈ മുന്നേറ്റം ചൂണ്ടിക്കാണിച്ചുകൊണ്ട് എല്ലാം ജനങ്ങളാണു നിശ്ചയിക്കുന്നത് എന്നു സമാധാനിക്കുകയാണ് പളനിസ്വാമി ഇപ്പോൾ ചെയ്യുന്നത്.

സ്റ്റാലിന്‍റെ നേതൃത്വത്തിൽ കൈവരിച്ച വൻ മുന്നേറ്റത്തിന്‍റെ തുടർച്ചയാണ് ഡിഎംകെ ഈ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നത്. 2019ൽ മുപ്പത്തെട്ടു സീറ്റും നേടിയത് ഡിഎംകെയുടെ മുന്നണിയായിരുന്നു. ഒരൊറ്റ സീറ്റിലാണ് അന്ന് അണ്ണാ ഡിഎംകെ വിജയിച്ചത്. അണ്ണാ ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന ബിജെപിക്ക് ഒരു സീറ്റും കിട്ടിയില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ഗംഭീര വിജയം പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ച സ്റ്റാലിൻ തനിക്കിപ്പോഴും യാതൊരു വെല്ലുവിളിയും നേരിടാനില്ല എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ്.

ഇന്ത്യ മുന്നണിയിൽ 21 സീറ്റിലാണ് ഡിഎംകെ മത്സരിക്കുന്നത്. തമിഴ്നാട്ടിലെ ഒമ്പതും പുതുച്ചേരിയിലെ ഒന്നും അടക്കം കോൺഗ്രസിനു 10 സീറ്റ് നൽകിയിട്ടുണ്ട്. സിപിഎമ്മും സിപിഐയും വിസികെയും രണ്ടു വീതം സീറ്റിൽ മത്സരിക്കുന്നു. ഐയുഎംഎൽ, എംഡിഎംകെ, കെഎംഡികെ കക്ഷികൾക്ക് ഒരു സീറ്റ് വീതമാണ്. ഡിഎംകെയുടെ 21 സ്ഥാനാർഥികളെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കനിമൊഴി ഉൾപ്പെടെ മൂന്നു വനിതകൾ ലിസ്റ്റിലുണ്ട്. പതിനൊന്നു പുതുമുഖങ്ങളെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തി എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. സ്റ്റാലിന്‍റെ പ്രകടന പത്രികയും ദേശീയതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. "ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാൽ പാചക വാതക വില സിലിണ്ടറിന് 500 രൂപയാക്കുമെന്നാണു വാഗ്ദാനം. പെട്രോൾ ലിറ്ററിന് 75 രൂപയും ഡീസൽ ലിറ്ററിന് 65 രൂപയുമായി കുറയ്ക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശ‍യം ഉപേക്ഷിക്കും, സിഎഎ പിൻവലിക്കും, പുതുച്ചേരിക്കും ജമ്മു കശ്മീരിനും സംസ്ഥാന പദവി നൽകും, നീറ്റ് പരീക്ഷ വേണ്ടെന്നുവയ്ക്കും, ഗവർണറെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിക്കും അധികാരം നൽകും തുടങ്ങിയ വാഗ്ദാനങ്ങൾ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടന്നതിന് പാർട്ടിക്കു കരുത്തുനൽകുകയാണ്.

ഡിഎംഡികെ, എസ്ഡിപിഐ, പുതിയ തമിഴകം തുടങ്ങിയ കക്ഷികളുമായാണ് എടപ്പാടിയുടെ അണ്ണാ ഡിഎംകെ സഖ്യമുണ്ടാക്കിയിട്ടുള്ളത്. ഡിഎംഡികെ അഞ്ചു സീറ്റിലാണു മത്സരിക്കുക. മറ്റു രണ്ടു കക്ഷികൾക്കും ഓരോ സീറ്റ് വീതം നൽകിയിട്ടുണ്ട്. 16 സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റും അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചു. ആറു പാർട്ടികളുമായുള്ള സീറ്റ് പങ്കിടൽ ബിജെപി പൂർത്തിയാക്കിക്കഴിഞ്ഞു. പത്തിടത്താണ് പിഎംകെ മത്സരിക്കുന്നത്. ടിടിവി ദിനകരന്‍റെ എഎംഎംകെയ്ക്ക് രണ്ടു സീറ്റ് അനുവദിച്ചു. ഐജെകെ, പിഎൻകെ, ടിഎംഎംകെ, ഐഎംകെഎംകെ എന്നീ ചെറുകക്ഷികൾ ഓരോ സീറ്റിലാണു ജനവിധി തേടുക. ജി.കെ. വാസന്‍റെ തമിഴ് മാനില കോൺഗ്രസ് പാർട്ടിയുമായുള്ള സീറ്റ് ധാരണ അന്തിമമായിട്ടില്ല. ദക്ഷിണേന്ത്യയിൽ ആധിപത്യം നേടാനുള്ള ബിജെപിയുടെ പരിശ്രമങ്ങളിൽ ഏറെ പ്രധാനമാണ് തമിഴ്നാട്ടിലെ രാഷ്‌ട്രീയ മാറ്റം. അതു സംഭവിക്കുമോയെന്ന് ഉറ്റുനോക്കുന്നത് രാജ്യം മുഴുവനുമാണ്.

Trending

No stories found.

Latest News

No stories found.