തിരിച്ചുവരുമോ, അകാലിദളും ടിഡിപിയും | ഫിഷ് ഐ

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഇക്കുറിയും തൂത്തുവാരാൻ കഴിയുമെന്ന പാർട്ടിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നത് പ്രതിപക്ഷ "ഇന്ത്യ' മുന്നണി ശിഥിലമാവുകയാണ് എന്ന തോന്നൽ ഉള്ളതു കൊണ്ടു കൂടിയാണ്.
തിരിച്ചുവരുമോ, അകാലിദളും ടിഡിപിയും | ഫിഷ് ഐ

കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കു കിട്ടിയിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ 282 സീറ്റും 2019ൽ 303 സീറ്റും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർട്ടി നേടി. എൻഡിഎ മുന്നണിക്ക് യഥാക്രമം 336, 353 എന്നിങ്ങനെയായിരുന്നു സീറ്റുകൾ. സഖ്യത്തിൽ നിന്നു ചില കക്ഷികൾ പിണങ്ങിപ്പിരിഞ്ഞത് കേന്ദ്ര സർക്കാരിനെ ഒരു തരത്തിലും ബാധിച്ചില്ല. ഉറച്ച സർക്കാർ എന്ന പ്രതീതിയുണ്ടാക്കാൻ ഇതു ബിജെപിയെ സഹായിച്ചു. ഈ തെരഞ്ഞെടുപ്പിലും മുന്നൂറിലേറെ സീറ്റ് ഉറപ്പാണെന്നാണ് ബിജെപി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. തന്‍റെ മൂന്നാം സർക്കാർ ഇന്ത്യയെ വികസിത രാജ്യമായി മാറ്റുന്നതിനെക്കുറിച്ചാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഇക്കുറിയും തൂത്തുവാരാൻ കഴിയുമെന്ന പാർട്ടിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നത് പ്രതിപക്ഷ "ഇന്ത്യ' മുന്നണി ശിഥിലമാവുകയാണ് എന്ന തോന്നൽ ഉള്ളതു കൊണ്ടു കൂടിയാണ്.

അപ്പോഴും അമിത വിശ്വാസം അപകടമാവാതിരിക്കാൻ ബിജെപി ശ്രദ്ധിക്കുന്നുണ്ട് എന്നുവേണം കരുതാൻ. എൻഡിഎ സഖ്യം കൂടുതൽ കരുത്തുറ്റതാക്കാനുള്ള ശ്രമത്തിലാണു പാർട്ടി. നിതീഷ് കുമാറിന്‍റെ ജെഡിയു മുന്നണിയിൽ തിരിച്ചെത്തി. ഇതോടെ ബിഹാറിലെ ആശങ്ക ഒഴിവായെന്നാണ് ബിജെപി നേതാക്കൾ കരുതുന്നത്. താൻ ഇനിയൊരിക്കലും എൻഡിഎ വിട്ടുപോകില്ലെന്നും നിതീഷ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ നിതീഷ് നരേന്ദ്ര മോദിയെയും അമിത് ഷായെയും ജെ.പി. നഡ്ഡയെയും കണ്ടു ചർച്ച നടത്തിയിരുന്നു. സീറ്റ് വിഭജനത്തിലടക്കം കല്ലുകടിയുണ്ടാവാതെ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് ഇരു കക്ഷികളും കരുതുന്നത്. താൻ എവിടെയായിരുന്നോ അവിടെ തിരിച്ചെത്തിയ ആശ്വാസമാണ് നിതീഷിനുള്ളതത്രേ! "ഇന്ത്യ' മുന്നണിയുടെ രൂപവത്കരണത്തിനു മുന്നിൽ നിന്ന നേതാവായിരുന്നു നിതീഷ് എന്നോർക്കണം. സൂത്രധാരൻ തന്നെ കൈവിട്ട അവസ്ഥയായി ഇപ്പോൾ പ്രതിപക്ഷ മുന്നണിക്ക്.

ഇതിനു പുറമേ മുന്നണിയിലെ മറ്റു ചിലരെ കൂടി അടർത്തിയെടുക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്ദളിനെ (ആർഎൽഡി) ഇന്ത്യ മുന്നണിയിൽ നിന്ന് എന്‍ഡിഎയിൽ എത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടത്രേ. ഇപ്പോൾ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടിക്കൊപ്പമാണ് ആർഎൽഡിയുള്ളത്. അവരുടെ നേതാവ് ജയന്ത് ചൗധരി ഡൽഹിയിൽ സീനിയർ ബിജെപി നേതാവുമായി ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നാലു ലോക്സഭാ സീറ്റുകൾ ആർഎൽഡിക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ. മത്സരിക്കാൻ ഏഴു സീറ്റുകൾ നൽകാമെന്ന് നേരത്തേ അഖിലേഷ് യാദവ് ജയന്ത് ചൗധരിയുമായി ധാരണയിൽ എത്തിയതാണ്. എന്നാൽ, ഇതിൽ മൂന്നു സീറ്റിൽ ആർഎൽഡി ബാനറിൽ സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥികൾ മത്സരിക്കുന്നതിനെക്കുറിച്ച് അഖിലേഷ് താത്പര്യം പ്രകടിപ്പിച്ചു. ഇതിനെതിരേ ആർഎൽഡിയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ നീക്കം ശ്രദ്ധേയമാവുന്നത്.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്ന ആർഎൽഡി 33 സീറ്റിലാണു മത്സരിച്ചത്. ഇതിൽ ഒമ്പതിടത്ത് ജയിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്‍റെ പുത്രൻ അജിത് സിങ് തൊണ്ണൂറുകളുടെ അവസാനം രൂപവത്കരിച്ചതാണ് ആർഎൽഡി. മുൻ കേന്ദ്ര മന്ത്രിയായ ഇദ്ദേഹം 2021ൽ കൊവിഡ് ബാധിച്ചു മരിച്ചപ്പോഴാണ് പുത്രൻ ജയന്ത് ചൗധരി പാർട്ടി അധ്യക്ഷസ്ഥാനമേൽക്കുന്നത്. ജാട്ടുകൾക്ക് ആധിപത്യമുള്ള പടിഞ്ഞാറൻ യുപിയിൽ ആർഎൽഡിക്കുള്ള സ്വാധീനം മുന്നിൽക്കണ്ടാണ് ബിജെപിയും അവരെ നോട്ടമിടുന്നത്.

പഞ്ചാബിൽ അകാലിദളിനെ വീണ്ടും എന്‍ഡിഎയിൽ എത്തിക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്. അകാലിദൾ അധ്യക്ഷൻ സുഖ്ബീർ ബാദൽ ബിജെപിയുമായി പ്രാഥമിക വട്ടം ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തത് എഎപിയാണ്. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് അകാലിദളിനു ഗുണം ചെയ്തില്ല. ഈ സാഹചര്യത്തിൽ വീണ്ടും എൻഡിഎയിൽ എത്തുന്നതാണു നല്ലതെന്ന ചിന്ത ബാദൽ കുടുംബത്തിനുണ്ടെന്നു നിരീക്ഷകർ കണക്കുകൂട്ടുന്നു. പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കുന്നതു ബുദ്ധിയല്ലെന്നു ബിജെപിയും വിലയിരുത്തുന്നുണ്ട്.

2020ൽ കർഷക സമരങ്ങളുടെ പശ്ചാത്തലത്തിലാണ് അകാലിദൾ കേന്ദ്ര മന്ത്രിസഭയിൽ നിന്നും എൻഡിഎയിൽ നിന്നും പുറത്തുവരുന്നത്. കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾ പഞ്ചാബിൽ തങ്ങളെ ബാധിക്കുമെന്നായിരുന്നു അകാലിദളിന്‍റെ ആശങ്ക. 2022 ഫെബ്രുവരിയിലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ആകെയുള്ള 117ൽ 92 സീറ്റും നേടി അധികാരത്തിലെത്തുകയായിരുന്നു. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 18 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ അകാലിദൾ മൂന്നിടത്തു മാത്രമാണു ജയിച്ചത്. 20 ശതമാനത്തിൽ താഴെയായി അവരുടെ വോട്ട് വിഹിതം. തിരിച്ചുവരവിന് ബിജെപിയുമായുള്ള സഖ്യം വീണ്ടെടുക്കുന്നതു സഹായിക്കുമെന്ന് അകാലിദൾ കരുതുന്നുണ്ടാവാം.

ആന്ധ്രപ്രദേശിൽ തെലുങ്കുദേശം പാർട്ടിയും ബിജെപിയുമായുള്ള സഖ്യത്തിനു ചർച്ച നടക്കുന്നുവെന്നും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി കൂടിയായ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ഡൽഹിയിൽ അമിത് ഷായും ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻഡിഎ സഖ്യത്തിലേക്ക് ടിഡിപി മടങ്ങിവരുന്നതിന്‍റെ സൂചനയാണ് ഇതെന്നാണു നിഗമനം. 2018 മാർച്ചിലാണ് ചന്ദ്രബാബു നായിഡു എൻഡിഎ വിടുന്നത്. ആന്ധ്രപ്രദേശിനു പ്രത്യേക സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. അന്ന് ആന്ധ്ര ഭരിച്ചിരുന്നത് നായിഡുവാണ്. മോദിയുടെ ഒന്നാം സർക്കാരിൽ ടിഡിപിക്കു രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവരെ പിൻവലിച്ചാണ് നായിഡു സഖ്യം അവസാനിപ്പിച്ചത്.

എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ ടിഡിപിക്കു കനത്ത തിരിച്ചടി നേരിട്ടു. സംസ്ഥാന ഭരണം വൈഎസ്ആർ കോൺഗ്രസ് പിടിച്ചു. ലോക്സഭയിലേക്ക് ടിഡിപിക്കു കിട്ടിയത് മൂന്നു സീറ്റ് മാത്രമാണ്. 2014ൽ ബിജെപിയോടു ചേർന്നു മത്സരിച്ച ടിഡിപിക്ക് തെലങ്കാന കൂടി ഉൾപ്പെട്ട ആന്ധ്രയിൽ 16 സീറ്റാണു കിട്ടിയിരുന്നത്; മൂന്നു സീറ്റിൽ ബിജെപിയും ജയിച്ചു.

ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിക്ക് ഒമ്പതിടത്തായിരുന്നു അന്നു ജയം. നിയമസഭകളിൽ ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവും തെലങ്കാനയിൽ ടിആർഎസ് നേതാവ് കെ. ചന്ദ്രശേഖർ റാവുവും ഭൂരിപക്ഷം നേടി. ഈ കരുത്താണ് അടുത്ത തെരഞ്ഞെടുപ്പിൽ നായിഡുവിനു നഷ്ടമായത്.

2019ലെ തകർച്ചയിൽ നിന്ന് തിരിച്ചുവരാൻ ബിജെപിയുടെ സഹായം ഉപകരിക്കുമെന്നു നായിഡു കരുതുന്നുണ്ട്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം 25 മണ്ഡലങ്ങളാണ് ആന്ധ്രയിലുള്ളത്. ഇതിൽ അര ഡസൻ സീറ്റുകളെങ്കിലും ബിജെപി ചോദിക്കും. തിരിച്ചുവരവ് അനിവാര്യമായ ടിഡിപി വിട്ടുവീഴ്ചകൾക്കു തയാറാവുമെന്നും കരുതണം. ആന്ധ്രയിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് കേന്ദ്ര സർക്കാരുമായി നല്ല ബന്ധത്തിലാണ്. കേന്ദ്ര ഫണ്ടുകൾ ലക്ഷ്യമിട്ടാണ് ജഗൻ മോഹൻ മോദി സർക്കാരിനു പിന്തുണ നൽകുന്നത്. ആന്ധ്രയിൽ കോൺഗ്രസ് ഒഴികെ ആരു ജയിച്ചാലും പ്രശ്നമില്ലെന്നതാണ് ഇപ്പോൾ ബിജെപിയുടെ ആശ്വാസം.

മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി നേതാക്കളിൽ ഭൂരിപക്ഷത്തെയും എന്‍ഡിഎയിൽ കൊണ്ടുവരാൻ നേരത്തേ ബിജെപിക്കു കഴിഞ്ഞിരുന്നു. ഇതിനു പുറമേയാണ് എൻസിപിയെ പിളർത്തി അജിത് പവാർ പക്ഷത്തെയും കൊണ്ടുവന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി എകനാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ എൻസിപിയും ഒപ്പമുള്ളപ്പോൾ മഹാരാഷ്ട്രയിലെ വിജയവും ബിജെപി ഉറപ്പിക്കുന്നുണ്ട്. അകാലിദളും ആർഎൽഡിയും ടിഡിപിയും തിരിച്ചുവന്നാൽ എൻഡിഎ കൂടുതൽ വിശാലമാവും. അതു ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും.

Trending

No stories found.

Latest News

No stories found.