

പ്രസവത്തിനു ശേഷം വൃക്കരോഗികളായി അഞ്ച് അമ്മമാർ; ദയാവധത്തിന് അപേക്ഷിച്ച് കുടുംബങ്ങൾ
കോട്ട: പ്രസവാനന്തരം വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ച് അമ്മമാർക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ. അഞ്ച് പേരുടെയും കുടുംബാംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് അപേക്ഷ നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട ന്യൂ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ് അഞ്ച് പേരും.
പ്രസവ ശേഷം വൃക്ക പ്രവർത്തന രഹിതമായതിനാൽ 68 ദിവസത്തിനിടെ 32 തവണയാണ് ഇവർ ഡയാലിസിസ് ചെയ്തത്. എത്രയും പെട്ടെന്ന് വൃക്ക മാറ്റി വയ്ക്കാൻ സഹായിക്കണം അല്ലാത്ത പക്ഷം മരിക്കാനുള്ള അനുവാദം തരണമെന്നാണ് കുടുംബാംഗങ്ങൾ അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇനി ഡയാലിസിസിന് തയാറല്ലെന്നും അസുഖബാധിതർ പറയുന്നു. ഇതേ കാര്യം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും യാതൊരു ഫലവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഞ്ച് കുടുംബങ്ങളും നേരിട്ട് രാഷ്‌ട്രപതിക്ക് നിവേദനം സമർപ്പിച്ചിരിക്കുന്നത്.
ഈ ദുരിതം ഇനിയും സഹിക്കാൻ കഴിയില്ലെന്നും വൃക്ക മാറ്റി വയ്ക്കുമെന്ന് 48 മണിക്കൂറിനകം ഉറപ്പു നൽകണമെന്നും ഞങ്ങളിപ്പോൾ ചത്ത പോലെയാണ് ജീവിക്കുന്നതെന്നും അസുഖ ബാധിതയായ ധന്നി സുമനിന്‍റെ ഭർത്താവ് മോഹൻ ലാൽ പറയുന്നു. മേയ് ആദ്യ വാരം മുതൽ ധന്നി ആശുപത്രിയിലാണ്.
പ്രസവം കഴിഞ്ഞ് രണ്ടു ദിവസത്തിനകം തിരിച്ചു പോകാമെന്ന പ്രതീക്ഷയിലാണ് തന്‍റെ സഹോദരി രാഗിണി മീന ഇവിടെ എത്തിയതെന്നും ഇപ്പോൾ ഒരു ദിവസം പോലും ഡയാലിസിസ് ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണെന്നും സഹോദരൻ വികാസ് പറയുന്നു.
രാഗിണിയുടെ ഭർത്താവ് പണം കടം വാങ്ങിയാണ് ചികിത്സ മുന്നോട്ടു കൊണ്ടു പോകുന്നത്.
മേയ് 8ന് ജെകെ ലോൺ ആശുപത്രിയിൽ വച്ച് പ്രസവിച്ച ഉടനെ തന്നെ കുഞ്ഞ് മരിച്ചുവെന്ന് മറ്റൊരു രോഗിയായ പിങ്കി ഏർവാളിന്‍റെ ഭർത്താവ് നരേഷ് പറയുന്നു. കോട്ടയിലെ ആശുപത്രികളിൽ പ്രസവാനന്തരം സ്ത്രീകൾ അസുഖ ബാധിതരായ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.