

മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഒറ്റ മകനെ മാതാപിതാക്കളിൽ നിന്നകറ്റി മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യാ ഭർതൃ ബന്ധത്തിൽ ഇരുവരും തുല്യരാണെന്നും പങ്കാളിയെ ഭരിക്കുന്നത് ശരിയല്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് പി.ടി. ആശ, ജസ്റ്റിസ് എൻ. മാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഭർത്താവിനെ ഹർജിക്കെതിരേ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഹർജി കോടതി തള്ളി. ഭർത്താവായ വ്യക്തി അയാളുടെ മാതാപിതാക്കളുടെ ഏക മകനാണെന്നും സ്വന്തമായി ഒരു വീടുണ്ടെന്നും ഹർജിയിൽ വ്യക്തമാണെന്ന് കോടതി പരാമർശിച്ചു.
എന്നാൽ ഭാര്യ നിരന്തരമായി തന്നെ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും കാരണം കൂടാതെ സ്വന്തം വീട്ടിൽ പോയി മാസങ്ങളോളം താമസിക്കുന്നുവെന്നുമാണ് വിവാഹമോചന ഹർജിയിൽ യുവാവ് ആരോപിച്ചിരിക്കുന്നത്. വിവാഹ ബന്ധം അനുതാപം, പരസ്പരമുള്ള ധാര, സ്നേഹം എന്നിവ കൊണ്ട് ശക്തിപ്പെടുത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.
മാതാപിതാക്കളുടെ ഒറ്റ മകനാണ് എന്ന് അറിഞ്ഞു കൊണ്ടാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്. മാതാപിതാക്കളെ പരിപാലിക്കേണ്ടത് അയാളുടെ ചുമതലയാണെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും എന്നിട്ടും മാറിത്താമസിക്കാൻ പ്രേരിപ്പിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.