

സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റങ്ക
ന്യൂഡൽഹി: ഇന്ത്യയിൽ അശാന്തിയും സംഘർഷവും സൃഷ്ടിക്കാൻ വിദേശ സംഘടനകളിൽ നിന്നും ഇന്ത്യാവിരുദ്ധ ശക്തികളിൽ നിന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അനധികൃതമായി പണം സ്വീകരിച്ചെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ. സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ, സഹകൺവീനർ അശുതോഷ് റങ്ക എന്നിവർക്കെതിരേ വിദേശ ഫണ്ടിങ് ബന്ധമുണ്ടെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് രംഗത്തെത്തിയത്.
അമെരിക്ക ആസ്ഥാനമായുള്ള സംഭാവനദാതാക്കളിൽ നിന്ന് അഭിജീത് ദിപ്കെ പണം സ്വീകരിച്ചെന്നും പാക്കിസ്ഥാൻ രാഷ്ട്രീയ നേതാക്കൾ അശുതോഷ് റങ്കയ്ക്ക് പണം നൽകിയെന്നുമാണ് ജിതേന്ദ്ര സിങ്ങിന്റെ ആരോപണം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധ സംഘടനകളും എൻജിഒകളും ഫണ്ടിങ്ങിന് പിന്നിലുണ്ടെന്നും ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഉത്സവകാലത്ത് സംഘർഷവും അരാജകത്വവും സൃഷ്ടിക്കാനാണ് സിജെപി സമീപകാല പ്രതിഷേധങ്ങളിലൂടെ ശ്രമിച്ചതെന്ന് ബിജെപി വക്താവ് തുഹിൻ എ. സിൻഹ ആരോപിച്ചു. പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ചോദ്യം ചെയ്യുന്നതിനായി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച വിളിപ്പിച്ച വേളയിലാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. നിരോധനാജ്ഞ ലംഘിക്കൽ, അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിക്കൽ, മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥലത്ത് അതിക്രമിച്ചുകയറൽ തുടങ്ങിയ സംഭവങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ഒക്റ്റോബർ 10ന് ഇരുവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് 50,000 രൂപ വീതമുള്ള സമാധാന ബോണ്ട് ഒപ്പിട്ട ശേഷമാണ് വിട്ടയച്ചത്. ഒരു വർഷത്തേക്ക് സമാധാനലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒക്റ്റോബർ 13ന് പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തറിലെത്തുകയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ വീണ്ടും കേസെടുക്കുകയായിരുന്നു.
അതേസമയം, സിജെപിക്കെതിരായ കേന്ദ്രത്തിന്റെ വിദേശ ഫണ്ടിങ് ആരോപണങ്ങളെ പ്രതിപക്ഷം തള്ളി. തെളിവുകളില്ലാതെയാണ് ബിജെപി നേതാക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ വിമർശിച്ചു. അമിത് ഷാ, എസ്. ജയ്ശങ്കർ, രഹസ്യാന്വേഷണ ഏജൻസികളായ ഐബി, റോ എന്നിവരുടെ പ്രവർത്തനക്ഷമതയെയും അദ്ദേഹം ചോദ്യം ചെയ്തു.