

അങ്കിത് ശർമ, താഹിർ ഹുസൈൻ
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിൽ ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ. വെള്ളിയാഴ്ച ഡൽഹി കർക്കർഡൂമ കോടതിയാണ് ശിക്ഷ വിധിച്ചത്.
അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണിതെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യത്തിന്‍റെ ഭീകരത ശിക്ഷ ഇളവിന് പരിഗണിക്കാവുന്ന സാഹചര്യങ്ങളേക്കാൾ വലുതാണ്. കൊലപാതകത്തോടെ ക്രൂരത അവസാനിച്ചില്ലെന്നും പക തീരാത്തതുപോലെ മൃതദേഹം ഓടയിലേക്ക് വലിച്ചിഴച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 25ന് കലാപത്തിനിടെ ഐബിയില്‍ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന 26കാരനായ അങ്കിത് ശര്‍മയെ ജനക്കൂട്ടം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. താഹിര്‍ ഹുസൈന്റെ വീടിനു സമീപത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കവേയാണ് ശര്‍മ ആക്രമത്തിന് ഇരയായത്. ശരീരമാസകലം 51 മുറിവേറ്റ നിലയില്‍ ഓടയില്‍ നിന്ന് പിറ്റേദിവസമാണ് ശര്‍മയുടെ മൃതദേഹം ലഭിച്ചത്.