

കൂറ്റൻ വാട്ടർ ടാങ്കിൽ ഇറങ്ങിയ നാലു പേർ ബോധരഹിതരായി; രണ്ടു പേർ മരിച്ചു
ഐസ്വാൾ: ഏറെക്കാലമായി അടഞ്ഞു കിടന്നിരുന്ന കൂറ്റൻ വാട്ടർ ടാങ്കിനുള്ളിൽ കയറിയ രണ്ടു ജോലിക്കാൻ ശ്വാസം മുട്ടി മരിച്ചു. മിസോറമിലെ ത്ലാഗ്സാം ഗ്രാമത്തിലാണ് സംഭവം. കൂലിപ്പണിക്കാരായ വാൻലാൽപേക, രാമേങ്ക് മാവിയ എന്നിവരാണ് മരിച്ചത്. ആറ് അടി ആഴമുള്ള വാട്ടർ ടാങ്കിന് പഴക്കമേറിയതിനാൽ ടാങ്ക് നശിപ്പിച്ചു കളയുന്നതിനായാണ് ജോലിക്കാരെ വിളിച്ചു വരുത്തിയിരുന്നത്. ടാങ്ക് നശിപ്പിക്കുന്നതിനായാണ് വന്നുൻമാവിയയും വൻലാൻപേകയും അകത്തേക്ക് കയറിയത്.
ടാങ്കിലേക്ക് കയറിയ രണ്ടു പേരെയും ഏറെ നേരമായി കാണാതായതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റു ജോലിക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരും ബോധരഹിതരായി ടാങ്കിൽ കിടക്കുന്നതു കണ്ടത്. ഇവരെ പുറത്തെടുക്കുന്നതിനായി ടാങ്കിൽ ഇറങ്ങിയ രാമേങ്ക് മാവിയ, ലാൽമിങ്ത്താങ്ക എന്നിവരും ബോധരഹിതരായി. അകത്തേക്ക് കയറും മുൻപേ കൂട്ടത്തിലൊരാൾ നാട്ടുകാരെ വിവരമറിയിച്ചിരുന്നു.
നാട്ടുകാർ ഓടിയെത്തിയാണ് നാലു പേരെയും ടാങ്കിൽ നിന്ന് പുറത്തെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടു പേർ മരിച്ചിരുന്നു. വന്നുൻമാവിയയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. ടാങ്കിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.