

ദേശീയപാത ടോൾ പ്ലാസ പിരിവിലെ തട്ടിപ്പ്; വിവിധ സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി: ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) വിവിധ ടോൾ പ്ലാസകളിൽ നടന്ന വ്യാജ ടോൾ പിരിവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി. ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മീർ, മധ്യപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 14 സ്ഥലങ്ങളിലാണ് ബുധനാഴ്ച പരിശോധന നടന്നത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടപടി ആരംഭിച്ചത്. അനധികൃത സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ടോൾ രസീതുകൾ സൃഷ്ടിക്കുകയും ടോൾ പിരിവിൽ നിന്നുള്ള തുക ഔദ്യോഗിക അക്കൗണ്ടിങ് സംവിധാനത്തിന് പുറത്തേക്ക് മാറ്റുകയും ചെയ്തതായാണ് കേസ്.
ഇത്തരം സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം ഫോറൻസിക് പരിശോധനയിലും എൻഎച്ച്എഐ രേഖകളിലും സ്ഥിരീകരിച്ചതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജിറ്റൽ രേഖകളും മറ്റ് രേഖകളും കണ്ടെത്തുക, തട്ടിപ്പിൽ നിന്ന് നേട്ടമുണ്ടാക്കിയവരെ തിരിച്ചറിയുക, കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കണ്ടെത്തുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.