ആസാദ് മൈതാൻ മുതൽ ഫ്രീഡം പാർക്ക് വരെ; ഇന്ത്യയിലെ ചരിത്രം പറയുന്ന പ്രതിഷേധ കേന്ദ്രങ്ങൾ

ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ജന്തർ മന്തറിനെ പ്രതിഷേധ കേന്ദ്രമെന്ന പദവിയിൽ നിന്ന് ഡൽഹി പൊലീസ് തിങ്കളാഴ്ച ഒഴിവാക്കിയതോടെ രാജ്യത്തെ മറ്റ് പ്രതിഷേധ കേന്ദ്രങ്ങളും ചർച്ചയാകുകയാണ്
Freedom Park, Bengaluru

ഫ്രീഡം പാർക്ക്, ബെംഗളൂരു

Updated on: 

ന്യൂഡൽഹി: കോൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ വൻനഗരങ്ങൾ മുതൽ ജയ്പൂർ, പനാജി പോലുള്ള ചെറുപട്ടണങ്ങൾ വരെ ഇന്ത്യയിലെ മിക്ക നഗരങ്ങൾക്കും സ്വന്തമായൊരു പ്രതിഷേധ കേന്ദ്രമുണ്ട്. ചരിത്രവും സമകാലിക സംഭവങ്ങളും ഇഴചേർന്നുനിൽക്കുന്ന ഇത്തരം സ്ഥലങ്ങളിൽ പലതും പൊതുജനങ്ങളുടെ സൗകര്യം ചൂണ്ടിക്കാട്ടി പ്രതിഷേധ വേദികളെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ചിലത് ഇന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും വേദികളായി തുടരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ അടിച്ചമർത്തലുകൾക്ക് സാക്ഷ്യംവഹിച്ച സ്ഥലങ്ങളും മഹാത്മാഗാന്ധിയുമായുള്ള ബന്ധത്തിലൂടെ ചരിത്രത്തിൽ ഇടംനേടിയ വേദികളും ഇക്കൂട്ടത്തിലുണ്ട്. ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ജന്തർ മന്തറിനെ പ്രതിഷേധ കേന്ദ്രമെന്ന പദവിയിൽ നിന്ന് ഡൽഹി പൊലീസ് തിങ്കളാഴ്ച ഒഴിവാക്കിയതോടെ രാജ്യത്തെ മറ്റ് പ്രതിഷേധ കേന്ദ്രങ്ങളും ചർച്ചയാകുകയാണ്. അധികാര കേന്ദ്രങ്ങൾക്ക് സമീപം സ്ഥിതിചെയ്യുന്ന ഇത്തരം വേദികൾക്ക് ചരിത്രത്തെ ഓർമിപ്പിക്കുന്ന പേരുകളുമുണ്ട്.

ആസാദ് മൈതാൻ, മുംബൈ

എസ്പ്ലനേഡ് എന്നറിയപ്പെട്ടിരുന്ന വിശാലമായ തുറന്ന പ്രദേശത്തിന്‍റെ ഭാഗമായിരുന്നു ആസാദ്മൈതാൻ. 1857ലെ കലാപകാലത്ത് ഇവിടെ പരസ്യമായ വധശിക്ഷകൾ നടപ്പാക്കിയിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രക്ഷോഭങ്ങളുടെ പ്രധാന വേദിയായി മാറി. 1931ൽ മഹാത്മാഗാന്ധി ഇവിടെ വൻ റാലി നടത്തി.

ഇതിന് ഏതാനും കിലോമീറ്റർ അകലെയാണ് മുംബൈയിലെ മറ്റൊരു പ്രധാന പ്രതിഷേധ കേന്ദ്രമായ ഓഗസ്റ്റ് ക്രാന്തി മൈതാൻ. 1942ൽ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരത്തിന് ആഹ്വാനം ചെയ്തത് ഇവിടെവച്ചാണ്. പ്രധാന രാഷ്ട്രീയ സമ്മേളനങ്ങൾക്കും പൊതുയോഗങ്ങൾക്കും വേദിയായ ശിവാജി പാർക്കും സമീപത്തുണ്ട്.

ഫ്രീഡം പാർക്ക്, ബെംഗളൂരു

ലണ്ടനിലെ ഹൈഡ് പാർക്കിന്‍റെ മാതൃകയിൽ ഒരുക്കിയ ഫ്രീഡം പാർക്കിൽ പൊതുയോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കുമായി പ്രത്യേക ഇടമുണ്ട്. ബ്രിട്ടീഷുകാർ ഇവിടെ നിർമിച്ചിരുന്ന സെൻട്രൽ ജയിലിൽ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ തടവിലിടുകയും തൂക്കിലേറ്റുകയും ചെയ്തിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷം അടിയന്തരാവസ്ഥക്കാലത്ത് അടൽ ബിഹാരി വാജ്‌പേയി, എൽ.കെ. അദ്വാനി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഇവിടെ തടവിലാക്കപ്പെട്ടു. 2008ൽ ജയിലിന് പകരം ഫ്രീഡം പാർക്ക് നിലവിൽവന്നു. ഇവിടെ ജയിൽ മ്യൂസിയവുമുണ്ട്.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ട്, കോൽക്കത്ത

പ്ലാസി യുദ്ധത്തിലെ വിജയത്തിനുശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികരുടെ പരേഡ് ഗ്രൗണ്ടായാണ് ഇത് ഉപയോഗിച്ചിരുന്നത്. പിന്നീട് സ്വാതന്ത്ര്യസമരകാലത്തെ പ്രധാന പ്രതിഷേധ വേദിയായി മാറി. റൗലറ്റ് നിയമത്തിനെതിരേ ദേശബന്ധു ചിത്തരഞ്ജൻ ദാസ് സംഘടിപ്പിച്ച റാലിയും ഇവിടെ നടന്നു.

സോവിയറ്റ് നേതാക്കൾക്കായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇവിടെ പൊതുസ്വീകരണം സംഘടിപ്പിച്ചിരുന്നു. പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യ വിജയിക്കുകയും ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തതിനുശേഷം മുജീബുർ റഹ്മാനെ പങ്കെടുപ്പിച്ച് ഇന്ദിരാഗാന്ധിയും ഇവിടെ പരിപാടി സംഘടിപ്പിച്ചു. ഇടതുപക്ഷം, തൃണമൂൽ കോൺഗ്രസ്, ഇപ്പോൾ ബിജെപി തുടങ്ങിയവയുടെ ഭരണകാലത്തും വൻ റാലികൾക്ക് ഈ മൈതാനം വേദിയായിട്ടുണ്ട്.

റാണി രശ്മണി അവന്യൂ, ഷഹീദ് മിനാർ മൈതാൻ, കോളെജ് സ്ക്വയർ എന്നിവയാണ് കോൽക്കത്തയിലെ മറ്റ് പ്രധാന പ്രതിഷേധ കേന്ദ്രങ്ങൾ.

ഗാന്ധി മൈതാൻ, പട്ന

മുമ്പ് പട്ന ലോൺസ്, ബാങ്കിപൂർ മൈതാൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിശാലമായ മൈതാനം ഗംഗാതീരത്താണ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷുകാർ സൈനിക അഭ്യാസങ്ങൾ, കുതിരപ്പന്തയം, പോളോ, ഗോൾഫ് എന്നിവയ്ക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണിത്.

പിന്നീട് സ്വാതന്ത്ര്യസമരകാലത്തെ പ്രധാന റാലി കേന്ദ്രമായി മാറി. ചമ്പാരൻ സമരത്തിന്‍റെയും ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെയും ഭാഗമായി ഇവിടെ പരിപാടികൾ നടന്നു. 1938ൽ മുഹമ്മദ് അലി ജിന്ന മുസ്‌ലിം ലീഗിന്‍റെ പ്രധാന സമ്മേളനത്തിന് വേദിയാക്കിയപ്പോൾ 1939ൽ സുഭാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ലോക്കിന്‍റെ യോഗം സംഘടിപ്പിച്ചു.

തിലക് ഘട്ട്, ചെന്നൈ

ബാലഗംഗാധര തിലകിന്‍റെ പേരിലുള്ള തിലക് ഘട്ട് മറീന ബീച്ചിലാണ് സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യസമരകാലത്ത് പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ഇവിടെ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ആനി ബസന്‍റ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത് ഔദ്യോഗിക പ്രതിഷേധ കേന്ദ്രമല്ല.

വള്ളുവർ കോട്ടം, സ്വാമി ശിവാനന്ദ സാലൈ എന്നിവയാണ് ചെന്നൈയിലെ മറ്റ് പ്രതിഷേധ വേദികൾ. വള്ളുവർ കോട്ടത്തിൽ പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്നത് നിർത്തിയതിനു പിന്നാലെ 2025 മാർച്ചിൽ പ്രതിഷേധങ്ങൾക്കുള്ള ബദൽ വേദിയായി സ്വാമി ശിവാനന്ദ സാലൈയെ പൊലീസ് നിശ്ചയിച്ചു.

ബോട്ട് ക്ലബ്, ഡൽഹി

ജന്തർ മന്തർ പ്രതിഷേധ കേന്ദ്രമായി അറിയപ്പെടുന്നതിനു മുൻപ് പാർലമെന്‍റിനും രാഷ്ട്രപതി ഭവനും സമീപമുള്ള വിശാലമായ ബോട്ട് ക്ലബ് മൈതാനമായിരുന്നു ഡൽഹിയിലെ പ്രധാന പ്രക്ഷോഭ വേദി.

1988ൽ മഹേന്ദ്ര സിങ് ടികായത്തിന്‍റെ നേതൃത്വത്തിൽ നടന്ന കർഷക പ്രക്ഷോഭം ബോട്ട് ക്ലബിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകളെ ട്രാക്ടറുകളുമായും കന്നുകാലികളുമായും അണിനിരത്തിയായിരുന്നു പ്രക്ഷോഭം. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് 1993ൽ ബോട്ട് ക്ലബിൽ പ്രതിഷേധങ്ങൾക്ക് നിരോധനമേർപ്പെടുത്തി. എന്നാൽ 2018ലെ കോടതി ഉത്തരവ് ജന്തർ മന്തറിനൊപ്പം ബോട്ട് ക്ലബിലും പ്രതിഷേധങ്ങൾക്ക് താൽക്കാലികമായി അനുമതി നൽകി.

ഈ രണ്ട് വേദികൾക്കും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന രാംലീല മൈതാനം ഇന്നും ഔദ്യോഗിക പ്രതിഷേധ കേന്ദ്രമാണ്. എന്നാൽ ഇവിടെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഫീസ് നൽകണം.

മറ്റ് നഗരങ്ങളിലെ പ്രതിഷേധ വേദികൾ

ലഖ്‌നൗവിൽ ഇക്കോ ഗാർഡൻ, പനാജിയിൽ ആസാദ്മൈതാനും കാംപാൽ പരേഡ് ഗ്രൗണ്ടും, ഹൈദരാബാദിൽ ധർണ ചൗക്ക്, ഗൺ പാർക്ക്, ലിവറി സർക്കിൾ എന്നിവയും പ്രധാന പ്രതിഷേധ കേന്ദ്രങ്ങളാണ്. ജയ്പൂരിലെ ഷഹീദ് സ്മാരകവും പ്രതിഷേധങ്ങൾക്കുള്ള വേദിയായി അറിയപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com