

നിർമലാ സീതാരാമൻ
വാഷിങ്ടൺ: ജി-20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ യുഎസിലെ നോർത്ത് കരോലിനയിലെ ആഷ്‌വില്ലെയിലെത്തി. പശ്ചിമേഷ്യയിലും യൂറോപ്പിലും തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക വളർച്ചയായിരിക്കും യോഗത്തിലെ പ്രധാന ചർച്ചാവിഷയം.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ട് വരെയുള്ള ആറ് ദിവസത്തെ യുഎസ് സന്ദർശനത്തിലാണ് നിർമലാ സീതാരാമൻ. കാനഡയിൽ നിന്ന് ആരംഭിച്ച ഒൻപത് ദിവസത്തെ വിദേശപര്യടനത്തിന്‍റെ ഭാഗമായാണ് യുഎസ് സന്ദർശനം.
ഞായറാഴ്ച സൗത്ത് കരോലിനയിലെ ഗ്രീൻവിൽ-സ്പാർട്ടൻബർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നിർമലാ സീതാരാമനെ യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര സ്വീകരിച്ചു. ചിക്കാഗോയിൽ പ്രമുഖ നിക്ഷേപകരുമായി വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയും സ്വകാര്യ മേഖലയിലെ പ്രമുഖ സിഇഒമാരുമായും പ്രസിഡന്‍റുമാരുമായും മുതിർന്ന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷമാണ് മന്ത്രി ആഷ്‌വില്ലെയിലെത്തിയത്. വാഷിങ്ടണിൽനിന്ന് ഏകദേശം 760 കിലോമീറ്റർ അകലെയാണ് ആഷ്‌വില്ലെ.
ആഷ്‌വില്ലെയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ജി-20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് അധ്യക്ഷത വഹിക്കും.