ഡൽഹിയിൽ 'കുപ്രസിദ്ധ വിവാഹം'; കനത്ത സുരക്ഷയിൽ 'കാലാ ജാത്തേദി'യുടെ കൈ പിടിച്ച് 'റിവോൾവർ റാണി' |Video

തീഹാർ ജയിലിൽ നിന്ന് 7 കിലോമീറ്റർ അകലെയായുള്ള ദ്വാർക സെക്റ്റർ -3 യിലെ സന്തോഷ് ഗാൻഡനിലുള്ള ബാങ്കറ്റ് ഹാളിലാണ് വിവാഹം നടന്നത്
സന്ദീപും അനുരാധ ചൗധരിയും വിവാഹത്തിനു ശേഷം
സന്ദീപും അനുരാധ ചൗധരിയും വിവാഹത്തിനു ശേഷം

ന്യൂഡൽഹി: കനത്ത സുരക്ഷയിൽ ഗുണ്ടാക്കല്യാണത്തിന് സാക്ഷിയായി ഡൽഹി. ഗാങ്സ്റ്റർ കാലാ ജാത്തേദി എന്നറിയപ്പെടുന്ന സന്ദീപും റിവോൾവർ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗധരിയുമാണ് വിവാഹിതരായത്. വിവാഹത്തിനു വേണ്ടി 6 മണിക്കൂർ നീണ്ടു നിൽക്കുന്ന പരോളാണ് ഡൽഹി ഹൈക്കോടതി കാലാ ജാത്തേദിക്ക് അനുവദിച്ചിരുന്നത്. അനുരാധയും വിവിധ കേസുകളിൽ പ്രതിയാണ്. തീഹാർ ജയിലിൽ നിന്ന് 7 കിലോമീറ്റർ അകലെയായുള്ള ദ്വാർക സെക്റ്റർ -3 യിലെ സന്തോഷ് ഗാൻഡനിലുള്ള ബാങ്കറ്റ് ഹാളിലാണ് വിവാഹം നടന്നത്. 51,000 രൂപ നൽകി സന്ദീപിന്‍റെ അഭിഭാഷകനാണ് മണ്ഡപം വാടകയ്ക്ക് എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ നാലു മണി വരെയാണ് സന്ദീപിന് പരോൾ അനുവദിച്ചിരിക്കുന്നത്. വിവാഹത്തിന്‍റെ പിറ്റേ ദിവസം വിവാഹശേഷമുള്ള ചടങ്ങുകൾക്കായി സന്ദീപിനെ ഹരിയാനയിലെ ജാത്തേദി ഗ്രാമത്തിൽ എത്തിക്കും.

ഹരിയാനയിലെ സോനിപഥിൽ നിന്ന് എസ് യുവിയിലാണ് അനുരാധ വിവാഹ വേദിയിലെത്തിയത്.

കൊള്ള, കൊല, കൊലപാതകശ്രമം, പണം തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ വിചാരണ നേരിടുകയാണ് സന്ദീപ്. അതിനെല്ലാം പുറമേ ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ , ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആയുധ നിയമപ്രകാരമുള്ള കേസുകളും നില നിൽക്കുന്നുണ്ട്. മാഡം മിൻസ, റിവോൾവർ റാണി എന്നീ പേരുകളിൽ അറിയപ്പെടുന്ന വധു അനുരാധ ചൗധരിക്കെതിരേയും നിരവധി കേസുകളുണ്ട്. എ.കെ. 47 ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിലൂടെയാണ് അനുരാധ കുപ്രസിദ്ധയായത്. ജയിലിൽ കഴിയുന്ന മാഫിയാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ വിശ്വസ്തനായ സന്ദീപ് 2020 മുതൽ അനുരാധയുമായി പ്രണയത്തിലാണ്. വിവാഹത്തിന്‍റെ മറവിൽ സന്ദീപ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഡൽഹി പൊലീസ് എടുത്തിട്ടുണ്ട്. വിവാഹവേദിയിൽ മാഫിയാസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് സുരക്ഷാ ഒരുക്കിയത്

വിവാഹവേദിയിലേക്ക് കൈയിൽ ബാർ കോഡോടു കൂടിയ ബാൻഡ് ധരിച്ചവർക്ക് മാത്രമേ പ്രവേശനം നൽകൂ. വേദിയോടു ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക പ്രവശനാനുമതി നേടിയിരിക്കണം.

കാലാ ജാത്തേദിയും അനുരാധയും വിവാഹിതരാണെന്നും ഒരുമിച്ച് താമസിച്ച് വരുകയാണെന്നും 2020ൽ ഇരുവരെയും അറസ്റ്റ് ചെയ്തതിനു പുറകേ ഉത്തരാഖണ്ഡ് പൊലീസ് വെളിപ്പെടുത്തിയിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ അനുരാധ അടിക്കടി കാലയെ ജയിലിലെത്തി കാണാറുണ്ട്. മാത്രമല്ല കാലായുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതും അനുരാധയാണ്. അപ്രതീക്ഷിതമായാണ് അനുരാധ ചൗധരി മാഫിയാ ലോകത്തേക്ക് എത്തിയത്. എംബിഎ പഠനകാലത്ത് അനുരാധ, ഫെലിക്സ് ദീപക് മിൻസയുമായി പ്രണയത്തിലായി. എന്നാൽ ഇരുവരുടെയും കുടുംബം ഈ പ്രണയത്തെ ശക്തമായി എതിർത്തു. ഒടുവിൽ കുടുംബത്തിന്‍റെ എതിർപ്പുകളെല്ലാം തൃണവത്കരിച്ച് ഇരുവരും വിവാഹിതരായി. അതിനു ശേഷം ഷെയർ ട്രേഡിങ് ബിസിനസിലേക്ക് കടന്ന അനുരാധയും ഭർത്താവും വൻ ലാഭമാണ് കൊയ്തത്.

പക്ഷേ പെട്ടെന്ന് തന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു. ചിലർ അനുരാധയുടെ പേരിൽ നടത്തിയ വ്യാജ പണമിടപാടുകൾ അവരുടെ കച്ചവടത്തെ അടിമുടി തകർത്തു. അനുരാധ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. അതിനിടെ 2013ൽ ദീപക് മിൻസയുമായി അനുരാധ വേർപിരിഞ്ഞു. താൻ‌ നൽകിയ തട്ടിപ്പു കേസ് പൊലീസുകാർ നിരന്തരമായി അവഗണിച്ചതോടെ അനുരാധയുടെ കടബാധ്യതകൾ വർധിച്ചു വന്നു. അതോടെയാണ് കുറ്റകൃത്യങ്ങളിലേക്ക് അനുരാധ കടന്നത്. അക്കാലത്താണ് അനുരാധ ബൽബീർ ബാനുദ എന്ന കുറ്റവാളിയുമായി പരിചയപ്പെടുന്നത്. അയാൾ രാജസ്ഥാനിലെ ഗാങ്സ്റ്ററായ അനന്ദ്പാൽ സിങ്ങുമായി അനുരാധയെ ബന്ധപ്പെടുത്തി. നാട്ടിൻപുറത്തു നിന്നുള്ള അനന്ത്പാലിനെ ഇംഗ്ലീഷ് പഠിപ്പിച്ചതും മാന്യമായി വസ്ത്രം ധരിക്കാൻ പരിശീലിപ്പിച്ചതുമെല്ലാം അനുരാധയായിരുന്നു.

അനുരാധയുടെയും കാലയുടെയും വിവാഹക്ഷണക്കത്ത്
അനുരാധയുടെയും കാലയുടെയും വിവാഹക്ഷണക്കത്ത്

പകരം അയാൾ എകെ.-47 തോക്കുകളും മറ്റു ഹൈ ടെക് ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അനുരാധയെ പഠിപ്പിച്ചു. വൈകാതെ അനന്ത്പാൽ സംഘത്തിലെ പ്രധാനിയായി അവൾ മാറി. അതിനൊപ്പം പൊലീസ് സ്റ്റേഷനിൽ അവൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും വർധിച്ചു വന്നു. അനന്ത്പാലും അനുരാധയും അക്കാലത്ത് പ്രണയത്തിലായിരുന്നു. പക്ഷേ 2016 ൽ രാജസ്ഥാനിലെ നാഗോർ ജില്ല 20,000 രൂപ അനന്ത്പാലിന്‍റെ തലയ്ക്ക് പ്രതിഫലം പ്രഖ്യാപിച്ചതോടെ വീണ്ടും കാര്യങ്ങൾ താറുമാറായി. 2017 ജൂണിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അനന്ത്പാൽ കൊല്ലപ്പെട്ടു. അക്കാലത്ത് ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ പെട്ട് അനുരാധ ജയിലിലായിരുന്നു. രണ്ടു വർഷത്തെ തടവു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അനുരാധ തന്‍റെ തട്ടകം ഡൽഹിയിലേക്ക് മാറ്റി. അവിടെ വച്ചാണ് കുപ്രസിദ്ധ മാഫിയാ തലവൻ ലോറൻസ് ബിഷ്ണോയിയുമായി അനുരാധ പരിചയത്തിലാകുന്നത്. കാലാ ജാത്തേരിയുമായി അടുക്കുന്നതും അക്കാലത്താണ്. 2021 ജൂലൈ 31ന് കാലാ ജാത്തേരിയെയും അനുരാധയെയും രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തുകാലാ ജാത്തേദിയുടെ സഹോദരൻ വിക്കി സിങ്ങിന്‍റെ സഹായത്തോടെ അനുരാധയും കാലയും ക്ഷേത്രത്തിലെത്തി വിവാഹിതരായി എന്നും കുറച്ചു മാസം ഇന്ദോറിൽ താമസിച്ചതിനു ശേഷം ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്‍റെ റിപ്പോർട്ട്. ഉത്തരാഖണ്ഡിലെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com