വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കണം; കുത്തിയിരുപ്പ് സമരവുമായി ജെൻ ആൽഫകൾ

ഉത്തർപ്രദേശിലെ ഭട്പൂർവ സമൂഹിയെന്ന ഗ്രാമത്തിലെ ജെൻ ആൽഫ വിദ‍്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്
gen alpha students protest in uttar pradesh ദver pending construction of the school building

ജെൻ ആൽഫകളുടെ പ്രതിഷേധത്തിൽ നിന്നും

Updated on

ലഖ്നൗ: ഉത്തർപ്രദേശിലെ ഭട്പൂർവ സമൂഹിയെന്ന ഗ്രാമത്തിലെ ജെൻ ആൽഫ വിദ‍്യാർഥികൾ പ്രതിഷേധവുമായി രംഗത്ത്. വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടാണ് വിദ‍്യാർഥികൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സ്കൂളിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിക്കുകയാണ് വിദ‍്യാർഥികൾ.

സ്കൂൾ കെട്ടിടം നിർമിച്ചു നൽകുമെന്ന് ഉറപ്പ് നൽകാതെ ക്ലാസ് മുറിയിൽ ക‍യറില്ലെന്ന് വ‍്യക്തമാക്കിയ കുട്ടികൾ സ്കൂൾ പരിസരത്തിന് പുറത്ത് കുത്തിയിരുപ്പ് സമരം നടത്തുകയാണ്. ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന വിഷയം അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നാണ് വിദ‍്യാർ‌ഥികൾ പറയുന്നത്.

പ്രതിഷേധം അവസാനിപ്പിച്ച് ക്ലാസുകളിലേക്ക് പോകാൻ പ്രിൻസിപ്പൽ പ്രിയങ്ക തിവാരി ആവശ‍്യപ്പെട്ടെങ്കിലും വിദ‍്യാർഥികൾ സമരത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ധാരാളം വിദ‍്യാർഥികൾ‌ ദേശീയ പതാകയുമേന്തി സമര രംഗത്തുള്ളത് പുറത്തുവന്ന വിഡിയോ ദൃശ‍്യങ്ങളിൽ നിന്നും വ‍്യക്തമാണ്.

ഇതാദ‍്യമായല്ല ഉത്തർ പ്രദേശിൽ അടിസ്ഥാന സൗകര‍്യങ്ങൾ‌ ആവശ‍്യപ്പെട്ടുകൊണ്ട് വിദ‍്യാർഥികൾ പ്രതിഷേധം നടത്തുന്നത്. നേരത്തെ ഹർമീപൂർ ജില്ലയിൽ സ്കൂളുകളിലേക്ക് നല്ല വഴി വേണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് വിദ‍്യാർഥികൾ കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തുകയും 4 മണിക്കൂറോളം നീണ്ട ധർണ നടത്തുകയും ചെയ്തിരുന്നു.

ഇതുകൂടാതെ അധ‍്യാപകരുടെ കുറവും സ്കൂളുകളിൽ അടിസ്ഥാന സൗകര‍്യങ്ങളും ആവശ‍്യപ്പെട്ട് ലഖ്നൗവിൽ 250ഓളം വിദ‍്യാർഥികൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ‍്യാർഥികൾ പുതിയ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com