ഗോവ നിശാക്ലബ്ബ് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകാൻ ലുത്ര സഹോദരന്മാരോട് ബോംബെ ഹൈക്കോടതി

ജസ്റ്റിസുമാരായ വാൽമീകി മെനെസസ്, അമിത് എസ്. ജാംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നഷ്ടപരിഹാരം മൂന്ന് ഗഡുക്കളായി നിക്ഷേപിക്കാൻ നിർദേശിച്ചത്
Goa nightclub fire: High Court orders payment of Rs 20 lakh each to families of the deceased

ഗോവ നിശാക്ലബ്ബ് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകാൻ ഹൈക്കോടതി

Updated on: 

പനാജി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 25 പേരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര സഹോദരന്മാരോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. ഡിസംബർ 2025ൽ വടക്കൻ ഗോവയിലെ അർപോറയിലുള്ള ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേരാണ് മരിച്ചത്.

ജസ്റ്റിസുമാരായ വാൽമീകി മെനെസസ്, അമിത് എസ്. ജാംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നഷ്ടപരിഹാരം മൂന്ന് ഗഡുക്കളായി നിക്ഷേപിക്കാൻ നിർദേശിച്ചത്. നവംബർ 16നകം ആദ്യത്തെ അഞ്ച് ലക്ഷം രൂപയും ഡിസംബർ ഏഴിനകം രണ്ടാമത്തെ അഞ്ച് ലക്ഷം രൂപയും 2027 ഫെബ്രുവരി ഏഴിനകം ശേഷിക്കുന്ന 10 ലക്ഷം രൂപയും നൽകണം.

ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളോ തൊഴിലാളികളുടെ നഷ്ടപരിഹാര നിയമപ്രകാരമുള്ള നടപടികൾ പ്രകാരമോ പിന്നീട് കുറഞ്ഞ തുക നിശ്ചയിച്ചാലും ഈ നഷ്ടപരിഹാര തുക തിരികെ നൽകില്ലെന്ന് കോടതി വ്യക്തമാക്കി. മരിച്ച 25 പേരിൽ 20 പേർ ക്ലബ്ബിലെ ജീവനക്കാരും അഞ്ച് പേർ വിനോദസഞ്ചാരികളുമാണ്.

കഴിഞ്ഞവർഷം ഡിസംബർ ആറിന് ഉണ്ടായ തീപിടിത്തത്തിൽ 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ അനധികൃത കെട്ടിടത്തിലാണ് ക്ലബ്ബ് പ്രവർത്തിച്ചിരുന്നതെന്നും ആവശ്യമായ കെട്ടിട ലൈസൻസുകൾ, ടൗൺ പ്ലാനിങ് അനുമതി, അഗ്നിരക്ഷാ സുരക്ഷാ അനുമതി എന്നിവ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.

ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഗോവ സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ക്ലബ്ബ് ഉടമകൾക്കൊപ്പം സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് ദുരന്തത്തിലൂടെ ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്കായി കുറഞ്ഞത് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഇരകളുടെ അഭിഭാഷകരുടെ ആവശ്യം. കേസിൽ അടുത്ത വാദം ഡിസംബർ രണ്ടിന് നടക്കും. സംഭവത്തിനുശേഷം തായ്‌ലൻഡിലേക്ക് കടന്ന ലുത്ര സഹോദരന്മാരെ പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിച്ചിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികൾ ഇവർക്കെതിരേ തുടരുകയാണ്.